ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ചത് ഖേദകരം; നീതിക്കായുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.ഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണ്. 83കാരനായ ഫാ. സ്റ്റാൻ പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ്. അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാൻ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. അത്തരമൊരു വന്ദ്യ വയോധികനെതിരായ നീക്കം എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ളതാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയാളി കൂടിയായ ഫാ, സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നിലയിലും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു. തെറ്റായ ലക്ഷ്യങ്ങൾക്ക് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഉയരുന്നത് ബന്ധപ്പെട്ടവർ ഗൗരവതരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.