അഴിക്കുംതോറും മുറുകി അഭിമുഖ വിവാദം; മുഖ്യമന്ത്രി കള്ളം പറയുന്നോ?
text_fieldsതിരുവനന്തപുരം: അഴിക്കുംതോറും മുറുകുന്ന കുരുക്കാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദം. അഭിമുഖത്തിലെ മലപ്പുറം പരാമർശം തിരുത്താൻ തുനിഞ്ഞതാണ് മുഖ്യമന്ത്രിയെ കുരുക്കിലാക്കിയത്. പി.ആർ പ്രതിച്ഛായനിർമിതിയുടെ പരിഹാസം ഒഴിവാക്കാൻ മുഖ്യമന്ത്രി നേരിട്ട് വിശദീകരിച്ച കാര്യങ്ങളാകട്ടെ, അദ്ദേഹം കള്ളം പറയുന്നെന്ന നിലയിലാണ് എത്തിനിൽക്കുന്നത്.
മുൻ എം.എൽ.എയുടെ മകൻ പറഞ്ഞതുകൊണ്ടാണ് അഭിമുഖം അനുവദിച്ചതെന്നും അതു നടക്കുന്നതിനിടെ മുറിയിൽ കയറിവന്നയാൾ പി.ആർ ഏജൻസിയുടെ സി.ഇ.ഒ ആണെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഡൽഹിയിൽ കേരള ഹൗസിൽ മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് സമീപത്തേക്ക് മാധ്യമപ്രവർത്തകർക്കുപോലും പ്രവേശനമില്ല. മുഖ്യമന്ത്രിയോ കൂടെയുള്ളവരോ നിർദേശിക്കാതെ പി.ആർ ഏജൻസി സി.ഇ.ഒയെ മുഖ്യമന്ത്രിയുടെ മുന്നിലെത്താൻ സുരക്ഷ ഉദ്യോഗസ്ഥർ അനുവദിക്കില്ലെന്ന് ഉറപ്പ്.
അഭിമുഖം നൽകുന്നതിനിടെ അനുവാദമില്ലാതെയാണ് വന്നിരുന്നതെങ്കിൽ സി.ഇ.ഒയോട് പുറത്തുപോകാൻ എന്തുകൊണ്ട് പറഞ്ഞില്ല. അഭിമുഖം എടുക്കാൻ വന്ന റിപ്പോർട്ടറുടെ ഒപ്പമുള്ള ആളെന്ന് കരുതിയെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. കാരണം, ഇത്രയും വലിയ കുഴപ്പത്തിൽ ചാടിച്ചിട്ടും ഏജൻസിയോട് മുഖ്യമന്ത്രിക്ക് ഇപ്പോഴും അതൃപ്തിയില്ല.
മലപ്പുറത്തിന് തീവ്രവാദ മുദ്ര ചാർത്തുന്നതിനെ താനും പാർട്ടിയും അംഗീകരിക്കില്ലെന്ന് പിണറായി ആവർത്തിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്തരം പരാമർശം മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ കൂട്ടിച്ചേർത്ത പി.ആർ ഏജൻസിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയുള്ള പി.ആർ ഏജൻസിയുടെ ഇടപെടൽ ദുരൂഹവും അന്വേഷിക്കപ്പെടേണ്ടതുമാണെന്നാണ് വിമർശകരുടെ വാദം.
പി.ആർ ഏജൻസി കൂട്ടിച്ചേർത്ത ഭാഗങ്ങൾ സാമുദായികസ്പർധ ഉണ്ടാക്കുന്നതായിട്ടുകൂടി മുഖ്യമന്ത്രിയോ സർക്കാറോ അന്വേഷണത്തിന് തയാറാകാത്തത് എന്തുകൊണ്ടായിരിക്കണം?. മുഖ്യമന്ത്രിക്കുവേണ്ടി പി.ആർ ഏജൻസിയുടെ സേവനം ഉപയോഗപ്പെടുത്തിയെന്നും ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖരാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പി.ആർ ഏജൻസിയെ അങ്ങനെയങ്ങ് തള്ളാൻ പറ്റാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാർട്ടിയുമെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.