ഒരു തരം പ്രത്യേക പക ഉയർന്നു വന്നുവെന്നാണ് എന്റെയും തോന്നൽ -ശിവശങ്കറിന്റെ പുസ്തകത്തെ കുറിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസങ്ങൾക്കു ശേഷം ബുധനാഴ്ച മാധ്യമങ്ങൾക്കു മുന്നിലെത്തിയ മുഖ്യമന്ത്രിക്കു മുമ്പാകെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചത് എം. ശിവശങ്കറിന്റെ പുസ്തകം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ എന്നിവയെക്കുറിച്ചായിരുന്നു. എന്നാൽ, ശിവശങ്കറിനെ ന്യായീകരിച്ച മുഖ്യമന്ത്രി സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമുൾപ്പെടെ കാര്യങ്ങൾ തള്ളി.
പുസ്തക രചനക്ക് മുന്നോടിയായി ശിവശങ്കർ സർക്കാറിൽനിന്ന് അനുമതി വാങ്ങിയിരുന്നോയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ താനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ വാക്കുകളാണ്. പുസ്തകത്തിൽ മാധ്യമങ്ങളുടെ നിലയെക്കുറിച്ചും അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ചും ശക്തമായ വിമർശനം ശിവശങ്കർ നടത്തിയിട്ടുണ്ട്. സ്വാഭാവികമായും ആ വിമർശനത്തിനിരയായവർക്ക് ഒരു തരം പ്രത്യേക പക ഉയർന്നുവരും. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് തന്റെയും തോന്നലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിന്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ വ്യക്തമാകൂ. അതു വരട്ടേ. പുസ്തകത്തിൽ നിങ്ങൾ മാധ്യമങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചെന്ന് നിങ്ങളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണെന്ന് മാധ്യമപ്രവർത്തകരോടായി മുഖ്യമന്ത്രി പറഞ്ഞു.
പുസ്തകമെഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ. അന്ന് വിവാദം വന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്. അതിനെക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീംകോടതി വരെ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കാര്യങ്ങൾ അവർ തമ്മിലാണ്. ഈ വിഷയത്തിൽ സർക്കാർ ചെയ്യേണ്ട കാര്യം സർക്കാർ ചെയ്യും. സ്വപ്നയുടെ വ്യാജ ബിരുദം സംബന്ധിച്ച കാര്യം സർക്കാർ അന്വേഷിക്കുകയാണ്. ഞാൻ ആരെയും തള്ളാനും കൊള്ളാനും തയാറായിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചപ്പോൾ അവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.