കെ-ഫോൺ: ആരോപണങ്ങൾക്കുള്ള മറുപടി എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവിനെതിരെ രൂക്ഷമായി പ്രതികരിച്ചും കെ-ഫോൺ വിഷയത്തിൽ ആരോപണങ്ങൾക്കുള്ള മറുപടി എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ. കൊഞ്ഞനംകുത്തൽ പ്രതിപക്ഷനേതാവ് സ്വയം ഏറ്റെടുത്താൽ മതിയെന്നും നട്ടാൽ കുരുക്കാത്ത നുണകൾ അദ്ദേഹം വാരിവിതറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോൺ ജനങ്ങളോടുള്ള കൊഞ്ഞനംകുത്തലാണെന്ന വി.ഡി. സതീശന്റെ പരാമർശത്തിനായിരുന്നു പദ്ധതിയുടെ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രതികരണം.
അദ്ദേഹം ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്. ഏതെങ്കിലുമൊരാൾ വകതിരിവില്ലാതെ വിളിച്ചുപറഞ്ഞതായി കാണാനാകില്ല. ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാട് പ്രതിപക്ഷ നേതാവ് തന്നെ സ്വീകരിക്കുകയാണ്. അത്യന്തം പരിതാപകരമായ മാനസികാവസ്ഥയിലാണ് പ്രതിപക്ഷം. ഏത് നല്ല കാര്യമായാലും ശരി, അതിനെയെല്ലാം എതിർക്കലാണ് രീതി. ഈ നാട് തെല്ലും മുന്നോട്ടുപോകരുതെന്നാണ് മനസ്സിൽ. ഈ മാനസികാവസ്ഥ സർക്കാറിനല്ല, നാടിനും ജനങ്ങൾക്കുമാണെതിര്. പദ്ധതിയുമായി സഹകരിക്കാൻ ഇവർക്ക് കഴിയുന്നില്ല. എന്താണ് ഇവർക്ക് സംഭവിച്ചതെന്നും അറിയില്ല.
നിലവാരമില്ലാത്ത കേബിളാണ് ഉപയോഗിച്ചതെന്നാണ് മറ്റൊരു വിമർശനം. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബെൽ) ആണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തിയത്. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമാണിത്.
കേരളത്തിൽ നടക്കുന്ന എന്തിനെയും എതിർക്കണമെന്ന ചിന്തയിൽ വിശ്വസനീയമായ ബെല്ലിനെപ്പോലും തെറ്റായി ചിത്രീകരിക്കാനുള്ള മാനസികാവസ്ഥയിലാണ് ഇവരുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.