ന്യൂനപക്ഷ സ്കോളർഷിപ്: ചരിത്രവും പശ്ചാത്തലവും ഒാർമിപ്പിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഹൈകോടതി വിധിയിലൂടെ റദ്ദായ സ്കോളർഷിപ്പുകൾ നടപ്പാക്കിയ ചരിത്രവും പശ്ചാത്തലവും സർവകക്ഷി യോഗത്തിൽ ഒാർമിപ്പിച്ച് മുഖ്യമന്ത്രി. യോഗത്തിെൻറ ആരംഭത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പദ്ധതികൾ നടപ്പാക്കിയ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചത്.
കേന്ദ്രസർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് കേരളത്തിൽ പാലോളി കമ്മിറ്റിയെ നിയോഗിച്ചത്. കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് 2008ൽ സ്കോളർഷിപ് പദ്ധതികൾ നടപ്പാക്കിയത്.
അത് പിന്നീട് 80:20 അനുപാതമാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമാനരീതിയിൽ കേരളത്തിലെ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി സർക്കാർ നിയോഗിച്ച കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്കോളർഷിപ് പദ്ധതികൾ കോടതി റദ്ദാക്കിയ സാഹചര്യം ഉൾപ്പെടെ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
അതേസമയം, നിയമപരമായ പരിശോധന നടത്തിയാകണം തുടർനടപടി സ്വീകരിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സാമൂഹിക അന്തരീക്ഷത്തെ ബാധിക്കാത്ത രീതിയിൽ പ്രശ്നത്തിൽ തീർപ്പുണ്ടാകണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
വിധി നടപ്പാക്കണം –കേരള കോൺ., ബി.െജ.പി
കോടതി വിധി നടപ്പാക്കണമെന്ന നിലപാടാണ് കേരള കോൺഗ്രസ് (എം) പ്രതിനിധി സ്റ്റീഫൻ േജാർജും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും സ്വീകരിച്ചത്. ജനസംഖ്യാനുപാതികമായി ആനുകൂല്യം നൽകണം. കോടതി വിധി നടപ്പാക്കണമെന്ന് ബി.െജ.പി പ്രതിനിധി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. പാലോളി, ജെ.ബി. കോശി കമ്മിറ്റികളുടെ മാതൃകയിൽ ഹിന്ദു സമുദായത്തിലെ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ം ആവശ്യപ്പെട്ടു. അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നടപ്പാക്കിയത് സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണെന്നും ഇത് മുസ്ലിം പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലായിരുന്നെന്നും പാലോളി കമ്മിറ്റി അംഗമായിരുന്ന ആർ.എസ്.പി നേതാവ് എ.എ. അസീസ് വിശദീകരിച്ചു. സ്കോളർഷിപ് പദ്ധതി നടപ്പാക്കിയ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം വിസ്മരിക്കരുതെന്ന് ജനതാദൾ.എസ് പ്രതിനിധി മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.