ജയരാജൻ പറഞ്ഞത് ശരിയാണ്, പാർട്ടിയാണ് വലുത് -പിണറായി
text_fieldsകണ്ണൂർ: ക്യാപ്റ്റൻ വിവാദത്തിലും പി. ജയരാജൻെറ ഫേസ്ബുക്ക് പോസ്റ്റിലും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ പി. ജയരാജൻെറ പിന്നാലെ കൂടിയിരിക്കുകയാണെന്നും അതുകൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിങ്ങൾ പി. ജയരാജൻെറ പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ച ഒരു ഫലവും കിട്ടാൻ പോകുന്നില്ല. ജയരാജൻെറ ഫേസ്ബുക്ക് പോസ്റ്റ് ഒരു പത്രത്തിൽ കണ്ടു. കമ്യൂണിസ്റ്റുകാർക്ക് ജനപ്രീതി വർധിച്ചു. അതിൽ പലരും അസ്വസ്ഥരാണ്.
പി. ജയരാജൻ പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിൻെറ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു വാചകമോ വാക്കോ പിശകായിട്ട് ഇല്ല. പക്ഷേ മാധ്യമങ്ങൾ എന്താണ് ചെയ്തത്? കേരളത്തിലെ മാധ്യമങ്ങളിൽ പലതിനെയും വിലക്കെടുത്തിരിക്കുന്നു. നേരത്തെ വിലക്കെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങൾക്കെല്ലാവർക്കും ജയരാജൻെറ ഫേസ്ബുക്ക് കുറിപ്പ് ഭയങ്കര വാർത്തയാക്കണമെന്ന് തോന്നുന്നത്. ജയരാജൻ പാർട്ടിക്കെതിരെ യാതൊന്നും പറഞ്ഞില്ല. പക്ഷേ, അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. ഇത് സിൻഡിക്കേറ്റല്ല, ഇത് വിലക്കെടുക്കലാണ് -പി. ജയരാജൻെറ ഫേസ്ബുക്ക് കുറിപ്പ് വായിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സ്നേഹ പ്രകടനങ്ങൾ ആരും സൃഷ്ടിക്കുന്നതല്ല. ജനങ്ങളിൽനിന്ന് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ഒരു കമ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.