'പ്രണബിൻെറ വിയോഗം കനത്ത നഷ്ടം; അദ്ദേഹത്തിൻെറ സംഭാവനകൾ എന്നും സ്മരിക്കപ്പെടും '
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചിരുന്നു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തൻെറ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിൻെറ നേർപിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. അതിപ്രഗത്ഭനായ പാർലമെേൻററിയൻ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.
ചേരിചേരാ പ്രസ്ഥാനത്തിൻെറ മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹം പല നിർണ്ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയസമീപനങ്ങൾ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.