'മാലിന്യ സംസ്കരണ പ്ലാന്‍റ് ആവശ്യമില്ലെന്ന് ആളുകൾ കൂടി തീരുമാനിക്കുന്ന രീതി ശരിയല്ല' -വിമർശനവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാലിന്യ പ്ലാന്‍റുകൾക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പരോക്ഷമായി വിമർശിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യനിർമാർജന പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോഴേക്കും ആവശ്യമില്ലെന്ന് അതത് പ്രദേശത്തെ ആളുകൾകൂടി തീരുമാനിക്കുന്ന രീതി ശരിയല്ല. മാലിന്യമുക്തിക്കുള്ള പദ്ധതികളിൽ അപാകതകളുണ്ടെങ്കിൽ അത് പരിഹരിക്കണം.
എല്ലായിടവും ജനനിബിഡമാണെന്നതാണ് കേരളത്തിന്‍റെ പ്രത്യേകത. ഇങ്ങനെയുള്ള നാട്ടിൽ മാലിന്യസംസ്കരണകേന്ദ്രം ജനങ്ങളൊന്നുമില്ലാത്തിടത്ത് വേണമെന്നത് പ്രയാസമാണ്.
ആളില്ലാത്ത പ്രദേശത്ത് ആലോചിച്ചപ്പോഴും അവിടെയും പ്രക്ഷോഭമുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഇതിന് ഉദാഹരണമാണ്. സമരം മൂലം പദ്ധതി മാറ്റിവെച്ചു. പലയിടങ്ങളിലും നാം കുടിക്കുന്നത് മനുഷ്യവിസർജ്യത്തിന്‍റെ അംശമടങ്ങിയ വെള്ളമാണ്.
ഇത് അഭിമാനിക്കാൻ വക നൽകുന്നതല്ല. മാലിന്യവിഷയത്തിൽ ഇനിയും മുന്നോട്ടുപോകാനുണ്ട്. നാടിന്‍റെ നന്മ ആഗ്രഹിക്കുന്നവർ പദ്ധതി നടപ്പാക്കാനാണ് ചിന്തിക്കേണ്ടത്. മാലിന്യം നാടിന് ദോഷം വരുത്തുന്ന പൊതുവായ കാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.