'പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം'
text_fieldsതിരുവനന്തപുരം: കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
'കഴിഞ്ഞ 6 വർഷത്തിനിടയിൽ 60000ത്തിൽ അധികം കർഷകർ ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019ൽ മാത്രം10281 കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻെറ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെൻറിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്നമാണ്' -പിണറായി വിജയൻ പ്രതികരിച്ചു.
കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരിന്നു. എം.പിമാരെ സഭ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. കേരളീയരായ കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച് പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ കൊണ്ടുവന്ന പ്രമേയം രാജ്യസഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.