സവർണ്ണ മേൽക്കോയ്മക്കും ജാതീയതക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: താൻ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവർണ്ണ മേൽക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ:സ്ഥിത വിഭാഗങ്ങളോട് സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
ജാതി വിരുദ്ധ - മതനിരപേക്ഷ ചിന്തകളെ കേരള സാമൂഹ്യ പരിസരങ്ങളിൽ അനുസ്യൂതം പ്രസരിപ്പിച്ച ദർപ്പണങ്ങളാണ് ഓരോ ഗുരു ദർശനങ്ങളും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സവർണ്ണ പൗരോഹിത്യത്തോടുള്ള ശ്രീനാരായണ ഗുരുവിന്റെ തുറന്ന വെല്ലുവിളിയും താക്കീതുമായിരുന്നു. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാൻ പോന്ന വിധമായിരുന്നു ഗുരുവിന്റെ വാക്കും പ്രവൃത്തിയും -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
1ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.
താൻ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവർണ്ണ മേൽക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. അധ:സ്ഥിത വിഭാഗങ്ങളോട് സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാതി നിബദ്ധമായ ഫ്യൂഡൽ അധികാര കേന്ദ്രങ്ങളെ ഗുരു ദർശനങ്ങൾ ചോദ്യം ചെയ്തു.
സമൂഹത്തിൽ രൂഢമൂലമായ ജാതീയതയെ നിർവീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേക്കിറങ്ങാനായിരുന്നു കീഴാള ജനതയോടുള്ള ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം. വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തി സ്വാശ്രയത്വത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ജാതി വിരുദ്ധ - മതനിരപേക്ഷ ചിന്തകളെ കേരള സാമൂഹ്യ പരിസരങ്ങളിൽ അനുസ്യൂതം പ്രസരിപ്പിച്ച ദർപ്പണങ്ങളാണ് ഓരോ ഗുരു ദർശനങ്ങളും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സവർണ്ണ പൗരോഹിത്യത്തോടുള്ള ശ്രീനാരായണ ഗുരുവിന്റെ തുറന്ന വെല്ലുവിളിയും താക്കീതുമായിരുന്നു. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാൻ പോന്ന വിധമായിരുന്നു ഗുരുവിന്റെ വാക്കും പ്രവൃത്തിയും. ശ്രീനാരായണഗുരുവിന്റെ ഓർമ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.