കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ
text_fieldsകോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. കനത്ത സുരക്ഷക്കിടെ ബി.ജെ.പി, യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് സമ്മേളനവേദിയായ മാമ്മൻമാപ്പിള ഹാളിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരവെയാണ് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കോട്ടയം മണിപ്പുഴയിൽ വച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സമ്മേളനത്തിനു ശേഷം മടങ്ങുന്നതിനിടെ നാഗമ്പടത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കനത്ത സുരക്ഷയൊരുക്കിയത്. നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തുപേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടുപേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.
മുന്നറിയിപ്പില്ലാതെയുള്ള കടുത്ത ഗതാഗത നിയന്ത്രണത്തിൽ ജനം വലഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിനു ഒരുമണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. വേദിയിലേക്കുള്ള റോഡ് പൂർണമായും അടച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നായിരുന്നു നിർദേശം. മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിർദേശിച്ചു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൂടി കൈയിൽ കരുതണമായിരുന്നു. കറുപ്പ് മാസ്ക് ധരിക്കരുതെന്നും ജനങ്ങളോട് നിഷ്കർഷിച്ചു. നാല് ഡി.വൈ.എസ്.പിമാർക്കാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.