പിപ്പിടി വിദ്യകൾ കൈയിൽവെച്ചാൽ മതി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്ണുതയോടെ കാണുന്നവർ പലവിധ പിപ്പിടി വിദ്യകളുമായി കടന്നുവരുന്നുണ്ടെന്നും ആ വിദ്യകളെല്ലാം അവരുടെ കൈയിൽവെച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച ദ്വിദിന കൊളോക്കിയം ഉദ്ഘാടനത്തിനിടെയാണ് ഗവർണറുടെ നീക്കങ്ങൾക്കെതിരെ മുഖ്യമന്ത്രി പരോക്ഷ മുന്നറിയിപ്പ് നൽകിയത്.
ഉന്നത വിദ്യാഭ്യാസ ശാക്തീകരണ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന് തടയിടാൻ പലവിധ ശ്രമങ്ങൾ ഉണ്ടാകും. അത്തരം ശ്രമങ്ങളിൽ ഭയന്നോടുന്നവരോ തിരിഞ്ഞുനടക്കുന്നവരോ അല്ല. തീരുമാനിച്ച കാര്യങ്ങൾ സമയോചിതമായി പൂർത്തീകരിച്ച് മുന്നേറുകയാണ് ചെയ്യുകയെന്ന് നാം പലവട്ടം തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ കലുഷിതമാക്കി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ വീണ്ടും കരിതേച്ചാൽ അത് സംസ്ഥാനത്തിന്റെ വിശാല താൽപര്യത്തിന് വിഘാതമാകുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിവാദങ്ങളല്ല, സംവാദങ്ങളാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ.പി.എം. മുബാറക് പാഷ, കഴിഞ്ഞ ദിവസം കേരള സർവകലാശാല വി.സി പദവിയിൽ കാലാവധി പൂർത്തിയാക്കിയ ഡോ.വി.പി. മഹാദേവൻ പിള്ള തുടങ്ങിയവരും കൊളോക്കിയത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.