നവകേരള സദസ്സിനോട് കോൺഗ്രസിന് പകയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോൺഗ്രസിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെല്ലാം തരത്തിൽ വർഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനകത്തുണ്ട്. അവർക്കെതിരെ നീങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നെങ്കിൽ പിന്നീട് ഇത് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക -അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.