ശിരോവസ്ത്ര വിലക്ക്: കുട്ടികളിൽ വര്‍ഗീയ വിഷം കുത്തി കയറ്റിയാലുള്ള ആപത്ത് എത്ര വലുതായിരിക്കും -പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: കര്‍ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ നടത്തുന്ന വര്‍ഗീയനീക്കങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ വിളനിലമാവേണ്ട വിദ്യാലയങ്ങളിൽ വര്‍ഗീയതയുടെ വിഷം ചീറ്റാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാനാവുമെന്നാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. മതനിരപേക്ഷ ശക്തികളാകെ ജാഗ്രത പാലിക്കണമെന്നും വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
"നമ്മളെല്ലാവരും വിദ്യാര്‍ഥി ജീവിതം പിന്നിട്ടവരാണല്ലോ. ആ ഒരു കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടെ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയില്‍ എല്ലാ വിഭാഗവുമില്ലേ? ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ മാറേണ്ടത്. അതിനെയല്ലേ ഇപ്പോള്‍ അങ്ങേയറ്റത്തെ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയിലുള്ള കുട്ടികളാക്കി മാറ്റാന്‍ ശ്രമം നടത്തിയിട്ടുള്ളത്. ചെറിയ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കും. പക്ഷേ നാം കാണേണ്ടത് അത്തരം ആപത്തൊന്നും ഈ വര്‍ഗീയ ശക്തികള്‍ക്ക് പ്രശ്നമല്ല. അവര്‍ക്ക് അതാണ് വേണ്ടത്. അതിലൂടെ എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാനാവും, അതിനാണ് അവരുടെ ശ്രമം. ഇവിടെയാണ് മതനിരപേക്ഷ ശക്തികളാകെ ജാഗ്രത പാലിക്കേണ്ടത്. ഈ വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം സ്വീകരിച്ച് പോകാനും കഴിയണം. കൂടുതല്‍ ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്ന് ഇതെല്ലാം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്" -മുഖ്യമന്ത്രി പറഞ്ഞു.
ലതാ മങ്കേഷ്കറുടെ മൃതദേഹത്തിന് സമീപം പ്രാര്‍ഥിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വിദ്വേഷ പ്രചാരണത്തെയും മുഖ്യമന്ത്രി അപലപിച്ചു. "ഇത് നാം അതീവ ഗൗരവമായി കാണേണ്ട കാര്യമാണ്. വര്‍ഗീയത ഏതെല്ലാം തരത്തിലുള്ള ആപത്ത് സൃഷ്ടിക്കാന്‍ പോകുന്നെന്നുള്ള ദൃഷ്ടാന്തങ്ങളാണിത്. ഷാരൂഖ് ഖാന്‍ രഹസ്യമായല്ല ലതാ മങ്കേഷ്കറിന്‍റെ മൃതശരീരം കാണാന്‍ പോയത്. പരസ്യമായാണ്, അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും വളരെ ആദരവോടെയാണ് അദ്ദേഹം നിലപാടുകള്‍ എടുത്തത്. പക്ഷേ അതിനെ എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാമെന്നാണ് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയിലുള്ളവര്‍ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കുന്നത്" -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.