‘ഇങ്ങനെയാണെങ്കിൽ ഇടക്കിടക്ക് നമ്മൾ കാണും’; മുഖ്യമന്ത്രി പറഞ്ഞതിന്‍റെ പിന്നിലെന്ത് ?
text_fieldsതിരുവനന്തപുരം: നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന ഇടത് എം.എൽ.എ പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ പിന്തുണച്ചും നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിച്ചത് ‘ഇങ്ങനെയാണെങ്കിൽ ഇടക്കിടക്ക് നമ്മൾ കാണും’ എന്ന് പറഞ്ഞാണ്. അൻവർ ഫോൺ സംസാരം റെക്കോർഡ് ചെയ്യുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്ന ഒരു പൊതുപ്രവർത്തകനായി അൻവർ മാറിയെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആരെങ്കിലും അങ്ങനെ കാണിക്കുമോ?. നമ്മൾ ആരെല്ലാമായിട്ട് സംസാരിക്കും. സംസാരിക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയാണോ സാധാരണഗതിയിൽ ഒരു പൊതുപ്രവർത്തകൻ ചെയ്യുക?.
ആ കാര്യങ്ങൾ റെക്കോർഡ് ചെയ്ത് പരസ്യമായി കാണിക്കുക. അത്തരം കാര്യങ്ങൾ വന്നപ്പോൾ അൻവർ തന്‍റെ അടുത്ത് വന്ന് നിവേദനം തന്നു. നിവേദനം അന്വേഷണ സംഘത്തിന് നൽകുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെ കുറിച്ച് തീരുമാനിക്കാമെന്നും അൻവറിനോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പി. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാത്തതിന്‍റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ല. അന്‍വറിന്‍റെ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടത്.
മുഖ്യമന്ത്രി എന്ന നിലയില്‍ തന്‍റെ ശ്രദ്ധയിലും കാര്യങ്ങള്‍ എത്തിക്കാമായിരുന്നു. പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേണ്ടത്. ആ നിലപാടല്ല അന്‍വര്‍ സ്വീകരിച്ചത്. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കേണ്ട നിലപാടല്ല അത്. അന്‍വറിനെപ്പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കും.
സി.പി.എം സംസ്ഥാന സമിതിയംഗമായ പി. ശശി പാര്‍ട്ടി നിയോഗിച്ചത് പ്രകാരമാണ് തന്‍റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്‍റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല.
കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. നിയമപ്രകാരം പരിശോധിച്ച് നടപടി എടുക്കും. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശി അല്ല ആരായാലും ആ ഓഫീസിലിരിക്കാന്‍ പറ്റില്ല. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന്‍റെ മേല്‍ മാറ്റാന്‍ പറ്റുന്നതല്ല അത്തരം ആളുകളെ.
അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മുന്‍വിധിയോടെയല്ല സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. സാധാരണ നിലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത നിലയില്‍ സംസാരിച്ച എസ്.പിക്കെതിരെ നടപടിയെടുത്തു. ആരോപണവിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്ത് എന്നും അതിനുള്ള തെളിവുകള്‍ എന്ത് എന്നതുമാണ് പ്രശ്‌നം.
അൻവറിന്‍റേത് ഇടതുപക്ഷ പശ്ചാത്തലമല്ല. അൻവർ വന്ന വഴിയുണ്ട്. അൻവർ വന്ന വഴി കോൺഗ്രസിന്‍റെ വഴിയാണ്. അവടിന്ന് ഇങ്ങോട്ട് വന്നതാണ്. മാധ്യമങ്ങൾ വേണ്ടാത്ത വ്യാഖ്യാനത്തിന് പുറപ്പെടേണ്ട. പി.വി. അൻവർ തുടർച്ചയായി പറയുന്നതിന്‍റെ ഭാഗാമായാണ് താനും പറയുന്നത്. ഇനിയും വേണമെങ്കിൽ താനും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും.
എന്നെ വഴിവിട്ട് സഹായിക്കാൻ നിങ്ങൾക്കാർക്കും കഴിയില്ല. വഴിവിട്ട് നടക്കുന്ന ശീലമുള്ള ആളെ മാത്രമേ വഴിവിട്ട് സഹായിക്കാൻ സാധിക്കൂ. ആ പൂതി മനസിൽവെച്ചാൽ മതി. അപഖ്യാതി പറഞ്ഞ് തന്നെ മറ്റൊരാൾക്ക് എതിരാക്കാൻ സാധിക്കുന്ന കാര്യമല്ല. നിയമപ്രകാരമുള്ള കാര്യം മാത്രമേ ചെയ്യുകയുള്ളൂവെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.