അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവർ ഇപ്പോൾ വർഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുന്നു -പിണറായി വിജയൻ
text_fieldsതൃക്കാക്കര: ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയും ക്രൈസ്തവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഘ്പരിവാർ ഇപ്പോൾ ക്രിസ്ത്യാനികളെ സംരക്ഷിക്കാനെന്ന പേരിൽ വർഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിനാണ് ഈ മാന്യനെ പിന്താങ്ങുന്നത് എന്ന് അവർ പറയുന്നത് ജനങ്ങളുടെ ധാരണയെ വെല്ലുവിളിക്കലാണെന്നും തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയുമാണ് ആർ.എസ്.എസ് ഏറ്റവും കൂടുതൽ വേട്ടയാടിയത്. ആ വേട്ടയാടൽ ഇപ്പോഴും തുടരുന്നുണ്ട്. ആ വേട്ടയാടലിൽ നമ്മുടെ രാജ്യം മാത്രമല്ല ലോകം തന്നെ വിറങ്ങലിച്ചിരുന്നു. ഗ്രഹാം സ്റ്റെയിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന സംഭവം ആരും മറക്കാൻ ഇടയലില്ല. ഈ രാജ്യം എത്രമാത്രം ക്രൂരമായി ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം നടത്തുന്നു എന്ന രീതിയിൽ ആണ് മറ്റുരാഷ്ട്രങ്ങൾ അതിനെ കണ്ടത്. സംഘ്പരിവാർ ചെയ്ത ആ നടപടിക്കെതിരെ ലോകമാകെ തിരിഞ്ഞു. 1998ൽ ഗുജറാത്തിൽ ക്രൈസ്തവർക്ക് നേരെ സംഘ്പരിവാർ അഴിച്ചുവിട്ട കലാപവും മറക്കാൻ ഇടയില്ല. അതിനെ തുടർന്ന് അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ അതേ നടപടിയും നിലപാടും തുടർന്നു. സംഘ്പരിവാറിലെ ബജ്റംഗ്ദളുകാർ ഒരുപാട് ആരാധനാലയങ്ങളും സ്കൂളുകളും തീവെച്ച് നശിപ്പിച്ചു. ഇതിന് തുടർച്ചയായാണ് '99ൽ ഗ്രഹാം സ്റ്റെയിനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്നത്. 2008ൽ ഒഡീഷയിലും ക്രൈസ്തവർക്കെതിരെ വ്യാപക കലാപം നടത്തി. ഇപ്പോൾ ക്രൈസ്തവ സംരക്ഷണത്തിന് വേണ്ടി വർഗീയ വിഷം ചീറ്റിയയാളെ സംരക്ഷിക്കുന്നുവെന്ന് പറഞ്ഞയാളാണ് അന്ന് 38 ജീവനുകൾ അപഹരിച്ചത്' -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.