Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയ വിജയനാണെങ്കിൽ...

പഴയ വിജയനാണെങ്കിൽ അപ്പോഴേ മറുപടി പറഞ്ഞേനേ, സുധാകരനോട് ചോദിച്ചാൽ മതി -പിണറായി വിജയൻ

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: ജനങ്ങളുടെ വഴിമുടക്കി സഞ്ചരിക്കുന്ന മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പഴയ വിജയനാണെങ്കിൽ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങൾ സർവ്വ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാൽ മതി’- പിണറായി വിജയൻപറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ സമരങ്ങൾക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പിൽ എം എൽ എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ സർക്കാരുണ്ടായിരുന്നപ്പോൾ എനിക്ക് സംരക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മുടെ ആഗ്രഹമനുസരിച്ചാണോ സുരക്ഷ ക്രമീകരണങ്ങൾ പോലീസ് ഒരുക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളു. പൊലീസ് അവരുടെതായ വഴിക്ക് സുരക്ഷ ഒരുക്കും’- മുഖ്യമന്ത്രി പറഞ്ഞു.

വിശിഷ്‌ടവ്യക്തികള്‍ക്കും അതിവിശിഷ്‌ട‌വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. ഇതുപ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്‌ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാന ത്തിലെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുമാണ്.

ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്‌ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനപരിശോധനയും നടത്തുകയും ചെയ്‌തുവരുന്നു. ഇപ്രകാരം സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും യാത്രക്കാര്‍ക്കും മറ്റും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകും ചെയ്‌തു. സ്ഥലത്ത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്നുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്‌കോണ്‍ഗ്രസുകാരുടെ അക്രമണത്തില്‍ 6 സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ പരിക്കുപറ്റിയ 6 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും കളമശ്ശേരി കിന്റര്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്.

12 പേരെ സംഭവസ്ഥലത്തുവച്ച് അറസ്റ്റുചെയ്യുകയും അവര്‍ക്കെതിരെ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ 419/23 ആയി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പോലീസിനെ അക്രമിച്ചവരെ അറസ്റ്റുചെയ്‌ത് സ്റ്റേഷനിലെത്തിച്ച സമയത്ത് ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എയും ഡി സി സി പ്രസിഡന്റും മറ്റ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും എറണാകുളം പോലീസ് സ്റ്റേഷനില്‍ തള്ളിക്കയറാനും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇക്കാര്യത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 420/2023 ആയി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യാത്രാവേളയില്‍ കളമശ്ശേരിയില്‍ വച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന് വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ ശ്രമിച്ച ഒരു യുവതിയുള്‍പ്പെടെയുള്ള നാല് യൂത്ത്‌കോണ്‍ഗ്രസ്സുകാരെ പോലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് വാഹനത്തിനു മുന്നില്‍ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പോലീസ് നടത്തിയത്.

ഗവണ്‍മെന്റ് നടപടികളില്‍ പ്രതിഷേധമുള്ളവര്‍ സാധാരണ നിലയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. എന്നാല്‍ തികച്ചും അപകടകരമായ നിലയില്‍ ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് കേരളത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. അത് തടയുവാന്‍ ആവശ്യമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യത്തില്‍ അനിവാര്യമായ നിയമനടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

പ്രത്യേക സാഹചര്യങ്ങളില്‍ ചില സമരമുറകള്‍ അരങ്ങേറുമ്പോള്‍ അതില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പോലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നില്‍ മൂന്നോ നാലോ പേര്‍ എടുത്തുചാടാന്‍ തയ്യാറാകുമ്പോള്‍ അവര്‍ ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കുന്നില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അവര്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോള്‍ വരുന്ന മോഹഭംഗമാണ് പിന്നിലുള്ള വര്‍ത്തമാനങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏര്‍പ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല എന്നതാണ് ചുരുക്കം. രാഷ്ട്രീയനിലപാട് വെച്ച് എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റണം. നാടിന്റെ നന്മയ്ക്ക് ഒന്നിച്ച് നിൽക്കാനാകണം. നാട് മുന്നോട്ടു പോകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ചില്ലറ വരുമാനം വർധിപ്പിക്കേണ്ടതായി വന്നു എന്നതാണ് ഇതിനിടയാക്കിയതെന്ന് മനസ്സിലാക്കണം.

ഇപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ കാരണമെന്തെന്ന് മനസ്സിലാക്കുന്നത് നന്നാവും. ബജറ്റില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടു രൂപ സെസ്സ് ഈടാക്കി എന്നാണ് പ്രധാനമായും യുഡിഎഫും ബിജെപിയും സമര കാരണമായി പറയുന്നത്. എന്താണ് ഇതിലേക്ക് നയിച്ചത്? കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസ്സും വര്‍ദ്ധിപ്പിച്ചു. സെസ്സ് വര്‍ദ്ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രതിപക്ഷം നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ദൈനംദിന പ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികളെയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളെയും തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ജിഎസ്‌ടി‌ നിലവില്‍ വന്നതോടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത തുലോം പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളാണ് നിലവില്‍ വിഭവസമാഹരണത്തിന് വഴി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇക്കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. അതിനാലാണ് ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്നതും നിങ്ങളുണ്ടാക്കുന്ന കോലാഹലങ്ങള്‍ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതും - മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD Satheesan
News Summary - Pinarayi vijayan against VD Satheeshan
Next Story