സമരക്കാർ പൊലീസ് വാഹനത്തിന് ഇടയിലേക്ക് എടുത്തുചാടിയെന്ന് മുഖ്യമന്ത്രി; ഞങ്ങൾക്ക് ആത്മഹത്യാസ്ക്വാഡോ ആകാശ് തില്ലങ്കേരി സ്ക്വാഡോ ഇല്ലെന്ന് ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ഒളിച്ചിരുന്ന വനിത അടക്കമുള്ള യൂത്ത് കോൺഗ്രസുകാർ കളമശ്ശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ എംഎൽഎക്ക് അടക്കം മർദനമേറ്റ സംഭവത്തെ കുറിച്ച് ഷാഫി പറമ്പിൽ എംഎൽഎ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടാൻ യുവതി ഉൾപ്പെടെ 4 യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചു. ഇവർ വാഹനത്തിനു മുന്നിൽ ചാടി ആപത്തുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. തികച്ചും അപകടകരമായ രീതിയിൽ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടുന്ന രീതിയാണ് കോൺഗ്രസും ബിജെപിയും ആവിഷ്ക്കരിക്കുന്നത്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നത്. ഫെബ്രുവരി 21ന് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തടഞ്ഞപ്പോൾ കല്ലും വടിയും ഉപയോഗിച്ച് സമരക്കാർ പൊലീസിനെ ആക്രമിച്ചു. ആറ് പൊലീസുകാർക്കും ആറ് യൂത്ത് കോൺഗ്രസുകാർക്കും പരിക്കേറ്റു. 12 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ഷാഫി പറമ്പിലും കൂട്ടരും സ്റ്റേഷനിൽ തള്ളിക്കയറി. ബജറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് സെസ് ഈടാക്കുന്നതിനെതിരെയാണ് പ്രതിപക്ഷ സമരം. കേന്ദ്രം വിലവർധിപ്പിച്ചപ്പോൾ ഒരു പ്രതിഷേധവും നടത്താത്ത ബി.ജെ.പിയും യു.ഡി.എഫുമാണ് ഇപ്പോൾ സംസ്ഥാനത്ത് സമരം നടത്തുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, തങ്ങൾക്ക് ആത്മഹത്യാ സ്ക്വാഡോ ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ കില്ലർസ്ക്വാഡോ ഇല്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഇവിടെ നികുതി ഭാരം കൂട്ടി സർക്കാറാണ് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.