‘ജനസമ്പര്‍ക്ക യാത്രയെ ആക്ഷേപിച്ച പിണറായിയും സി.പി.എമ്മും ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയണം’
text_fieldsതിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സി.പി.എമ്മും ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധൂര്‍ത്തിന്‍റെയും അഴിമതിയുടെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും സതീശൻ പറഞ്ഞു.
ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാകും കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും എന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആര്‍.എസ് വായ്പ നെല്‍ കര്‍ഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെ? കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കും?
ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി 9 ലക്ഷം പേര്‍ കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന ഉറപ്പില്‍ നിരവധി പേരാണ് കുടിലുകള്‍ പൊളിച്ചു മാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശൗചാലയം പോലും ഇല്ലാത്ത നിരവധി പേരുടെ ദുരവസ്ഥ നമ്മള്‍ കണ്ടതാണ്. ഇവര്‍ക്ക് ആര് ആശ്വാസം നല്‍കും?
വിലക്കയറ്റത്തില്‍ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എന്ന് എത്തിക്കും?
പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്‍ക്കുന്നത്. ഇവരെ ആര് സഹായിക്കും?
മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസില്‍ സഞ്ചരിക്കുമ്പോള്‍ പാവപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പെന്‍ഷനും ശമ്പളവും ആര് നല്‍കും?
സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരയാത്ര. ആഢംബര ബസിലെ കറങ്ങുന്ന കസേരയില്‍ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാര്‍ തൊഴുത് വണങ്ങി നില്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? -പ്രതിപക്ഷ നേതാവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.