മുസ് ലിം ലീഗിനെതിരെ വീണ്ടും പിണറായി; ‘മുസ്‌ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു’
text_fieldsആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണ് ലീഗ് എന്ന് പിണറായി പറഞ്ഞു. മഹാഭൂരിപക്ഷം മുസ്‌ലിംകൾ തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണ് പോക്കെന്നും പിണറായി കുറ്റപ്പെടുത്തി. സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെ പിണറായി കടന്നാക്രമിച്ചത്.
സംഘ്പരിവാറിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരുപോലെ സ്വീകാര്യരായവരെ യു.ഡി.എഫ് മത്സരിപ്പിച്ചാൽ അത്ഭുതമില്ല. മുസ്‌ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ആദ്യം ആഘോഷിച്ചത് എസ്.ഡി.പി.ഐയാണ്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വ്യക്തമാക്കി.
കോൺഗ്രസിന്റെ അനുഭവം ലീഗ് ഓർത്താൽ നല്ലത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി പിടിമുറുക്കി. വർഗീയതയെ എതിർക്കാതിരുന്നതിന്‍റെ ഫലമാണിത്. തങ്ങൾ ഒരു കച്ചവടത്തിനുമില്ലെന്നും സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പാർട്ടി സമ്മേളനങ്ങൾ സി.പി.എമ്മിന് പുതിയ കാര്യമല്ലെന്ന് പിണറായി പറഞ്ഞു. ജനാധിപത്യ പാർട്ടികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില പാർട്ടികൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരം പാർട്ടികൾക്ക് സമ്മേളനങ്ങൾ സാധിക്കുന്നില്ല. അവിടെ ജനാധിപത്യമുണ്ട് എന്നത് മാധ്യമങ്ങളുടെ പ്രചാരണവേലയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.