Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘപരിവാരത്തിന്റെ...

സംഘപരിവാരത്തിന്റെ വക്താവായി പിണറായി വിജയന്‍ മാറി -എസ്.ഡി.പി.ഐ

text_fields
bookmark_border
സംഘപരിവാരത്തിന്റെ വക്താവായി പിണറായി വിജയന്‍ മാറി -എസ്.ഡി.പി.ഐ
cancel

തിരുവനന്തപുരം: ഇടതു മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സംഘപരിവാരത്തിന്റെ വക്താവായി മാറിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതികരണം സംഘപരിവാരത്തിന്റെ വംശീയ താല്‍പ്പര്യങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫാഷിസ്റ്റ് കേന്ദ്രഭരണകൂടത്തിന്റെ മൂക്കിനു താഴെയെത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബി.ജെ.പി രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്നു. ആര്‍എസ്എസ് വംശീയ വിദ്വേഷത്തോടെ നടത്തുന്ന പദപ്രയോഗം അതേപടി ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സൃഷ്ടിച്ച ആഘാതം പരിഹരിക്കാനാവാത്തതാണ്. പിണറായി വിജയനെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാഷിസ്റ്റുവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഭരണകക്ഷി എം.എൽ.എ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. അതിന് വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നത്. പിണറായി വിജയന്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്നത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. ഇടതു ഭരണത്തില്‍ സംഘപരിവാര അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്ന ഏജന്‍സിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി.

ആർ.എസ്.എസുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലിസ് പുലര്‍ത്തുന്ന പക്ഷപാതിത്വവും വിവേചനവും ഇതിന്റെ ഫലമാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്നൂറിലധികം കേസുകളുടെ വിവരങ്ങളുണ്ട്. അതില്‍ വധശ്രമം, ഹവാല ഉള്‍പ്പെടെയുള്ളവയുണ്ട്. ഈ കേസുകളില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും എന്തു നടപടി സ്വീകരിച്ചു എന്നതുകൂടി പരിശോധിക്കുമ്പോഴാണ് അടിയൊഴുക്കുകള്‍ വ്യക്തമാകുന്നത്.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് മുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും സ്വീകരിക്കുന്ന സംഘപരിവാര അനീതി തന്നെയാണ് സംസ്ഥാനത്തും നടക്കുന്നത്. നയതന്ത്ര ബാഗേജിലൂടെ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരുമാണ് സംശയ നിഴലിലുള്ളത്. സ്വര്‍ണ കടത്തു കേസിലെ പ്രതിക്ക് സംസ്ഥാനം വിടാന്‍ സൗകര്യമൊരുക്കിയത് എ.ഡി.ജി.പിയാണെന്ന ആരോപണവും നിലവിലുണ്ട്.

സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സി.പി.എമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണ്. തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സി.പി.എം നേതാക്കളുടെ വിദ്വേഷ പ്രചാരണം പുതിയ സംഗതിയല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി. മോഹനനും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്. ആർ.എസ്.എസുമായി ഐക്യപ്പെട്ട് തുടര്‍ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIPinarayi Vijayan
News Summary - Pinarayi Vijayan became spokesperson of state administration and Sangh Parivaram- SDPI
Next Story