‘പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹം, പി.ആർ കൊണ്ട് അത് നന്നാക്കാൻ സാധിക്കില്ല’
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണെന്നും പി.ആർ കൊണ്ട് അത് നന്നാക്കിയെടുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയെ മുഖ്യമന്ത്രി ഉപയോഗിക്കുന്നതിൽ ദുരൂഹതയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകാറില്ല. നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. മലപ്പുറത്തെ അവഹേളിച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
“കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഉയർന്നുവരുന്ന ആരോപണങ്ങൾ നിഷേധിക്കാൻ അദ്ദേഹം തയാറാകുന്നില്ല. പി.ആർ ഏജൻസി പ്രവർത്തിക്കുന്നത് എങ്ങനെയാണ്? ആരാണിതിന് പണം നൽകുന്നത്? ഇത്തരത്തിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ട്? ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ തന്നെ പിണറായി വിജയൻ പി.ആർ ഏജൻസിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉടഞ്ഞ വിഗ്രഹത്തെ പി.ആർ ഏജൻസി കൊണ്ട് നന്നാക്കാനിവില്ല എന്നതാണ് വസ്തുത.പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണ്. നന്നാക്കാനാവില്ലെന്ന കാര്യം പാർട്ടി മനസ്സിലാക്കണം. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയെ മുഖ്യമന്ത്രി ഉപയോഗിക്കുന്നതിൽ ദുരൂഹതയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകാറില്ല. ഖലീജ് ടൈംസിനും ഡൽഹിയിൽ ഹിന്ദുവിനും അഭിമുഖം നൽകി. നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി” -ചെന്നിത്തല പറഞ്ഞു.
മലപ്പുറത്തെ അവഹേളിച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും സി.പി.എം ഒഴികെ എല്ലാവരും ഇത് ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായും കൂടിക്കാഴ്ച നടത്തി. ഇതിലും ദുരൂഹതയുണ്ട്. നാലു മണിക്കൂർ എ.ഡി.ജി.പി വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുൻപും ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആർ.എസ്. എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം.ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോ എ.ഡി.ജി.പിയുടെ ജോലി? നവകേരള സദസും പി.ആർ ഏജൻസിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാര്‍ത്താസമ്മേളനം നടക്കുക. ദ് ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പി.ആര്‍ ഏജന്‍സി വിവാദം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. പി.ആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോയെന്നാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പി.ആര്‍ ഏജന്‍സിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയൽ നിന്ന് നീക്കുന്നതിന് സി.പി.ഐ സമ്മര്‍ദം കടുപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമാണ്. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.