എസ്.പി.ബിയുടെ സ്മരണ ആ ശബ്ദ മാധുര്യത്തിലൂടെ നിലനിൽക്കുമെന്ന് പിണറായി; വിടവാങ്ങിയത് അതുല്യ പ്രതിഭയെന്ന് ചെന്നിത്തല
text_fieldsകോഴിക്കോട്: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.പി.ബിയുടെ സ്മരണ അനുപമമായ ആ ശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.
മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്‍റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും.
ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്‍റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് വിട -രമേശ് ചെന്നിത്തല
അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്.അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു പ്രഭാവമായിരുന്നു. ആദ്യമായി അദ്ദേഹത്തിന്‍റെ പാട്ട് കേട്ടപ്പോൾ മനസ്സിൽ തോന്നിയ വൈകാരികത വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ കേൾക്കുമ്പോൾ എന്നിലുണ്ടാകാറുണ്ട്. ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രമേ അത്തരത്തിൽ ഒരു വ്യക്തിയെ സ്പർശിക്കാൻ കഴിയുള്ളൂ. ഇന്ത്യൻ സംഗീതലോകത്തെ അതുല്യ പ്രതിഭക്ക് വിട.
സംഗീതാസ്വാദകർക്ക് ഹൃദയവേദനയായി എസ് പി ബിയും -കോടിയേരി ബാലകൃഷ്ണൻ
വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കോവിഡ് മഹാമാരി നിമിത്തമുണ്ടായ നഷ്ടങ്ങളിൽ സംഗീതാസ്വാദകർക്ക് ഹൃദയവേദനയായി എസ് പി ബിയും. ഒരിക്കലും മരണമില്ലാത്ത അദ്ദേഹത്തിന്‍റെ ഗാനങ്ങൾ നമ്മുടെ കൂടെ ഉണ്ടെങ്കിലും ഈ വിടവാങ്ങൽ വേദനാജനകമാണ്. ആദരാഞ്ജലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.