സി.എ.എ വിജ്ഞാപനം: പൗരന്മാരെ പലതട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സംഘപരിവാറിന്‍റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ് -മുഖ്യമന്ത്രി വിമർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്‍റേതാണ്. സംസ്‌ഥാനത്ത് എൻ.പി.ആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാറാണ് കേരളത്തിലേത്. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കികെടുക്കാതെ വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നത്.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.