കൂട്ടുകെട്ടിൽ ഇ.പി ജയരാജൻ ജാഗ്രത കാണിക്കാറില്ല -വിമർശനവുമായി മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയിരുന്നെന്ന ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം ഇ.പി. ജയരാജൻ സമ്മതിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണമെന്നും ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി. ജയരാജന്‍റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ല് പോലെ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. സഖാവ് ജയാരജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്ന് നേരത്തെ തന്നെ ഉള്ള ഒരു അനുഭവമാണ്. ജാവദേക്കറെ കാണുന്നതിൽ എന്താ തെറ്റ്? തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഒരു പൊതുപരിപാടിയിൽ വെച്ച് കണ്ടപ്പോൾ ജാവദേക്കറോട് ഞാൻ പറഞ്ഞു, നിങ്ങൾ പരമാവധി ശ്രമം നടത്തുകയാണല്ലേ, നമുക്ക് കാണാം എന്ന്. പരസ്യമായി പറഞ്ഞ കാര്യമാണിത്. അത്തരത്തിലുള്ള ആളുകളെ കാണുന്നതിലോ സംസാരിക്കുന്നതിലോ പിശകുണ്ട് എന്ന് കരുതുന്നില്ല. ഒരു രാഷ്ട്രീയ നേതാവ് കാണാൻ വരുമ്പോൾ കാണില്ല എന്ന് പറയേണ്ട കാര്യമെന്താണ്? ഞാൻ കണ്ടത് പക്ഷേ ഒരു പൊതുസ്ഥലത്ത് വെച്ചാണ്. നന്ദകുമാറിന് ഏതെല്ലാം തരത്തിൽ ബന്ധങ്ങളുണ്ട് എന്നത് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇത്തരം ആളുകളൊക്കെ എന്തെങ്കിലും ശ്രമം നടത്തിയിട്ടും എന്തെങ്കിലും ഫലം കിട്ടിയോ? അതിന് ഫൈനാൻസ് ചെയ്യാൻ ഒരു കൂട്ടർ ഇവിടെയുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി ജയരാജൻ സി.പി.എമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പതിറ്റാണ്ടുകളായ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഏതൊരു കമ്യൂണിസ്റ്റുകാരനെയും പോലെ വലിയ തോതിലുള്ള പരീക്ഷണ ഘട്ടങ്ങൾ കടന്നുവന്നതാണ്. അദ്ദേഹത്തെ ലക്ഷ്യംവെച്ച് നടത്തിയ ഈ ആക്രമണം സി.പി.എമ്മിനെതിരെയും എൽ.ഡി.എഫിനെതിരെയും ഉന്നംവെച്ചുകൊണ്ടുള്ളതാണ് എന്ന് നാം കാണണം. അത്തരം ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് ജനം മനസ്സിലാക്കും. കെ. സുരേന്ദ്രനും കെ. സുധാകരനും ഒരേ രീതിയിലാണ് എല്ലാ കാലത്തും പ്രചാരണം നടത്താറുള്ളത് -അദ്ദേഹം കുറ്റപ്പെടുത്തി.
എൽ.ഡി.എഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. രാജ്യത്താകെ ബി.ജെ.പിക്കെതിരായ ജനമുന്നേറ്റമാണ് ദൃശ്യമാകുന്നത്. രാഷ്ട്രത്തിന്‍റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അവസരമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ബി.ജെ.പിക്കെതിരെ വലിയൊരു മുന്നേറ്റം എല്ലായിടങ്ങളിലും ഉയർന്നുവരികയാണ്. ബി.ജെ.പി വലിയ പ്രചാരണമൊക്കെ നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ടാകില്ല എന്നത് ഉറപ്പാണ്. ബി.ജെ.പിക്ക് ഒരു സീറ്റുംനേടാൻ കഴിയില്ല എന്ന് മാത്രമല്ല, രണ്ടാം സ്ഥാനം പോലും ഒരു മണ്ഡലത്തിലും ലഭിക്കില്ല എന്നതാണ് കേരളത്തിന്‍റെ പൊതുവായ പ്രതികരണം -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.