വഖഫ് നിയമനത്തിൽ ലീഗിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; 'ചെയ്യാനുള്ളത് എന്താണോ ചെയ്യ്...'
text_fieldsഎരിപുരം (കണ്ണൂർ): വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലിം ലീഗിനെ വെല്ലുവിളിച്ചും കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. 'വഖഫ് ബോർഡ് നിയമനം മതസംഘടനകളുമായി ചർച്ച ചെയ്തിട്ടുണ്ട്. അവർക്ക് കാര്യം ബോധ്യമായിട്ടുണ്ട്. മുസ്ലിം ലീഗിന് മാത്രം ബോധ്യമില്ലപോലും. നിങ്ങളുടെ ബോധ്യം ആരു പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യൂ. ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല'- പിണറായി വിജയൻ പറഞ്ഞു.
സി.പി.എം കണ്ണൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോ എന്ന് ആദ്യം തീരുമാനിക്കണം. വഖഫ് ബിൽ നിയമസഭയിൽ വന്നപ്പോൾ, ഇപ്പോൾ അവിടെ ജോലിയെടുക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നാണ് ലീഗ് എം.എൽ.എമാർ പറഞ്ഞത്. ആ പറഞ്ഞതിെൻറ അർഥം പി.എസ്.സി നിയമനം ആകാമെന്നതാണല്ലോ. ഇപ്പോൾ അത് വികാരപരമായ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുകയാണ്. പി.എസ്.സി നിയമനം വഖഫ് ബോർഡാണ് തീരുമാനിച്ചത്. അത് അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. മുസ്ലിംകളുടെ ശാക്തീകരണം പരിശോധിച്ചാൽ മുസ്ലിംകൾ എവിടെയാണ് എന്നുനോക്കണം. ലീഗ് മുസ്ലിംകളുടെ അട്ടിപ്പേറ് അവകാശം പേറി നടക്കേണ്ട. ഞങ്ങളുടെ കൂടെയും മുസ്ലിംകളുണ്ട്.
മലപ്പുറത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഗ്രാഫ് വലിയ തോതിൽ ഉയർന്നു. രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിയില്ല. അതിനാൽ വർഗീയ ധ്രുവീകരണം നടത്തുകയാണ്. പള്ളിയിൽ നമസ്കാരം അനുവദിക്കില്ലെന്നാണ് തലശ്ശേരിയിൽ സംഘ്പരിവാർ പറഞ്ഞത്.
ആർ.എസ്.എസ് ആഗ്രഹിക്കുന്നതെല്ലാം കേരളത്തിൽ നടക്കില്ല.
വർഗീയതയുടെ അത്രത്തോളം എത്തുന്നില്ലെങ്കിലും സ്വത്വ രാഷ്ട്രീയ ചിന്തയും അങ്ങനെ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളെ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ യു.ഡി.എഫ് - ബി.ജെ.പി - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തുടരുകയാണ്. സർക്കാറിനെ അപകീർത്തിപ്പെടുത്താൻ, ഏതു വികസന പദ്ധതി വന്നാലും എതിർക്കുകയാണ്.
കെ-റെയിലിനെ എതിർക്കുന്നതും അതുകൊണ്ടാണ്. ഇപ്പോൾ അല്ലെങ്കിൽ എപ്പോഴാണ് ഇതൊക്കെ ഉണ്ടാക്കുകയെന്നും പിണറായി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.