കോവിഡ് രണ്ടാം തരംഗ സാധ്യത തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി
text_fieldsചെറുതുരുത്തി (തൃശൂർ): പുന്നപ്ര-വയലാറിലെ സ്മൃതി കുടീരത്തിൽ ബി.ജെ.പി സ്ഥാനാർഥിയും കൂട്ടരും അതിക്രമിച്ച് കയറി പൂക്കൾ വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പു കാലത്ത് സമാധാനന്തരീക്ഷം തകർക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര ഉൾപ്പെടെയുള്ള രക്ഷസാക്ഷി സ്മൃതി കുടീരങ്ങൾ കമ്യൂണിസ്റ്റുകളുടെ വികാരമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ചെയ്തികൾ പ്രകോപനം സൃഷ്ടിച്ച് കമ്യൂണിസ്റ്റുകളെ ഇളക്കിവിട്ട് സമാധാനം തകർക്കാനാണ്. എന്നാൽ പുന്നപ്ര-വയലാറിൽ കമ്യൂണിസ്റ്റുകൾ സംയമനം പാലിച്ചു. ഇനിയും ഇത്തരം പ്രകോപനത്തിന് സാധ്യതയുണ്ടെന്ന സൂചനയാണിതെന്നും ജാഗ്രത പാലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി തൃശൂർ ജില്ലയിലെത്തിയ പിണറായി ചെറുതുരുത്തിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എൽ.ഡി.എഫ് മറ്റ് ചിലരെപ്പോലെ കബളിപ്പിക്കാനല്ല പ്രകടന പത്രിക ഇറക്കുന്നത്. പറയുന്നത് നടപ്പാക്കും, നടപ്പാക്കാനാവുന്നതേ പറയൂ. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് മുന്നണി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പരമ ദരിദ്രാവസ്ഥയിലുള്ള കുടുംബങ്ങളെ അതിൽനിന്നും മോചിപ്പിക്കാൻ മൈക്രോ പ്ലാൻ തയാറാക്കും. പ്രകടന പത്രികയിലെ ചില പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു.
കർണാടകം, തമിഴ്നാട് തുടങ്ങിയ അയൽ സംസഥാനങ്ങളിൽ കോവിഡ് വീണ്ടും രൂക്ഷമാവുകയും രണ്ടാം തരംഗ സാധ്യത ഉയരുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിലെ സാഹചര്യം ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഇവിടെയും രണ്ടാം തരംഗ സാധ്യത തള്ളാനാവില്ല. അതിന് മുമ്പ് പരമാവധി പേർക്ക് കോവിഡ് വാക്സിൻ നൽകാനാണ് ശ്രമം. വാക്സിനേഷനിൽ കേരളം നല്ലപ്രകടനമാണ് കാഴ്ച വെക്കുന്നത്. തലപ്പാടി ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ തടയുന്ന കർണാടക നടപടി പരിഭ്രാന്തിയിൽനിന്ന് ഉണ്ടാവുന്നതാണെങ്കിലും അത് പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ വേണ്ടിവന്നാൽ ഇനിയും ബന്ധപ്പെട്ടവരുമായി സംസാരിക്കും.
ശബരിമല വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. എൻ.എസ്.എസിനെ വിമർശിച്ച കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഓരോരുത്തർ ഓരോ പരിപാടിയുമായി പോകുകയാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സർവേ റിപ്പോർട്ടുകൾ എൽ.ഡി.എഫിന് മേൽക്കെ പ്രവചിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് ചെയ്യാം, നാട്ടിലെ അവസ്ഥ അങ്ങനെയാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.