മുഖ്യമന്ത്രി യൂറോപ്യൻ സന്ദർശനത്തിന്
text_fieldsതിരുവനന്തപുരം: 13 ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 8ന് യാത്ര തിരിക്കും. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തിൽ സംസാരിക്കും.
മെയ് 9ന് നെതര്‍ലൻസിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൂടാതെ, വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാൻസ് നടപ്പാക്കിയ 'Room for River' പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മെയ് 10ന് നെതര്‍ലൻസ് ജലവിഭവ - അടിസ്ഥാന സൗകര്യ വികസന മന്ത്രി കോറ വാനുമായി വിദ്യാഭ്യാസം, പ്രദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
നെതര്‍ലൻസ് ദേശീയ ആര്‍ക്കൈവ്‌സിന്‍റെ ഡയറക്ടര്‍ എം.എല്‍ എയ്ഞ്ചല്‍ ഹാര്‍ഡ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ജനറല്‍ ജാന്‍-കീസ് ഗോത്ത് എന്നിവരുമായും മെയ് 10ന് കൂടിക്കാഴ്ചയുണ്ട്. പച്ചക്കറി, പുഷ്പ കൃഷി എന്നീ മേഖലകളിലെ സഹകരണത്തെ കുറിച്ച് വിദഗ്ധരുമായി സംസാരിക്കും.
റോട്ടര്‍ഡാം തുറമുഖം, വാഗ്നിയന്‍ സര്‍വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. നെതര്‍ലൻസിലെ മലയാളി കൂട്ടായ്മയുമായി സംവധിക്കും. സ്വിറ്റ്‌സര്‍ലന്‍റ് സന്ദര്‍ശനത്തിനിടയില്‍ യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
മെയ് 14ന് സ്വിറ്റ്‌സര്‍ലന്‍റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തും.
സ്വിറ്റ്‌സര്‍ലന്‍റിലെ ഖരമാലിന്യ-സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി ചര്‍ച്ച നടത്തുന്ന മുറ്യമന്ത്രി സ്വിറ്റ്‌സര്‍ലാന്‍റിലെ പ്രവാസി ഇന്ത്യക്കാരുമായി സംവധിക്കും.
മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി സംസാരിക്കും.
കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. മെയ് 20ന് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.