ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസ നേർന്ന് പിണറായി
text_fieldsആലുവ: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നു. ആലുവ പാലസിലെത്തിയാണ് ആംശസ നേർന്നത്. മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും അദ്ദേഹത്തെ സ്വീകരിച്ചു.
ആരോഗ്യ പ്രശ്നങ്ങളാൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി, 79ാം പിറന്നാൾ ദിനത്തിൽ ആലുവ പാലസില്‍ വിശ്രമത്തിലാണ്. പ്രവർത്തകർ പിറന്നാൾ മധുരം നൽകാൻ കേക്കുമായി പാലസിൽ എത്തിയെങ്കിലും മുറിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഉമ്മൻചാണ്ടി കേക്ക് മുറിക്കാൻ തയ്യാറായില്ല. ജന്മദിനത്തിൽ കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ല എന്ന് അദ്ദേഹം പറഞ്ഞതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ അൻവർ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കും കൂടിനിന്നവർക്കും മധുരം നൽകുകയായിരുന്നു.
അതിനിടെ, അടുത്ത ദിവസം തന്നെ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസയ്ക്കായി ജർമനിലേക്ക് പോകും. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. ചികിത്സാ ചെലവ് പാർട്ടി വഹിക്കും. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.