ഭരണത്തെ ഭയപ്പെടുത്താൻ വർഗീയശക്തികളുടെ ശ്രമം –മുഖ്യമന്ത്രി
text_fieldsഅടൂർ: കേരളത്തിലെ ക്രമസമാധാനം തകർത്ത് കലുഷിതമാക്കാൻ ചില വർഗീയശക്തികൾ അക്രമാസക്തമായി നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം അടൂർ ഗ്രീൻ വാലി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അവർ കലുഷമാക്കുന്ന അന്തരീക്ഷം ഉയർത്തിക്കാട്ടി ചിലർ സംസ്ഥാന ഭരണത്തെത്തന്നെ ഭയപ്പെടുത്താനാകുമോ എന്നാണ് ചിലർ ശ്രമിക്കുന്നത്. ഇവർക്ക് നാടിെൻറ നന്മയല്ല പ്രധാനം. അവർ നാട് കലുഷമാക്കാനാണ് നോക്കുന്നത്. അത് ഇവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കും ആദിവാസികൾക്കുമെതിരെ കുറ്റകൃത്യങ്ങൾ പെരുകുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെങ്കിൽ ദലിതർക്ക് ഏറ്റവും കൂടുതൽ സുരക്ഷയുള്ളത് കേരളത്തിലാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാലെതന്നെ സമ്മതിച്ചു. അത് കണക്കുകൾ പരിശോധിച്ചാണ് പറഞ്ഞത്. ഇതിൽ അസഹിഷ്ണുത ഉള്ളവരാണ് കടുത്ത ആക്രമണവുമായി രംഗത്തുള്ളത്.
പൊലീസുകാർ ആരെയും സദാചാരം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. കുറ്റം ചെയ്യുന്നവരെ മുഖംനോക്കാതെ ശിക്ഷിക്കുേമ്പാൾതന്നെ ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന പാവപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും നല്ല കരുതലും സഹാനുഭൂതിയും വേണം. മൂന്നാംമുറ പോലുള്ള പ്രാകൃത നടപടികൾ ആധുനികസമൂഹത്തിന് ചേർന്നതല്ല. കേരളം മാറുന്നതനുസരിച്ച് പൊലീസും മാറണം. പണവും സ്വാധീനവുമുണ്ടായാൽ എന്തു ഹീനകൃത്യവും ചെയ്യാമെന്ന അവസ്ഥ കേരളത്തിൽ അവസാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.എ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.