'പി.ടി തോമസിന്‍റെ ജനസ്വീകാര്യത മുഖ്യമന്ത്രി ഭയപ്പെടുന്നു, 'സൗഭാഗ്യ' പരാമര്‍ശം സി.പി.എമ്മിന്റെ അധമ മനസിന്‍റെ പ്രതിഫലനം'
text_fieldsതിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി.ടി. തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സി.പി.എമ്മിന്റെ അധമ മനസിന്റെ പ്രതിഫലനമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍. ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യ' പ്രയോഗം വെറുമൊരു നാക്കുപിഴയല്ല. പി.ടി തോമസിന്റെ ജനസ്വീകാര്യതയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. ജനകീയനായത് കൊണ്ടാണ് തൃക്കാക്കരയിലെ പ്രബുദ്ധരായ മതേതര ജനാധിപത്യ വിശ്വാസികള്‍ പി.ടി തോമസിനെ തങ്ങളുടെ പ്രതിനിധിയായി തുടര്‍ച്ചയായി തെരഞ്ഞെടുത്തും നിയമസഭയിലേക്ക് അയച്ചതും. തൃക്കാക്കരയില്‍ പി.ടി തോമസിന് ലഭിച്ച ജനസമ്മതി യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനും ലഭിക്കുന്നു. ഈ തിരിച്ചറിവ് മുഖ്യമന്ത്രിയെ വല്ലാതെ വിറളി പിടിപ്പിക്കുന്നു. പരാജയഭീതിയില്‍ നിന്നുള്ള ജല്‍പ്പനങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.
പി.ടി ജീവിച്ചിരുന്ന വേളയില്‍ പലവട്ടം അദ്ദേഹത്തെ അപകീര്‍ത്തിപെടുത്താനും അധിക്ഷേപിക്കാനും സി.പി.എം ശ്രമിച്ചു. മരണശേഷവും പി.ടി. തോമസ് എന്ന നാമം സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു. ഒരാളുടെ മരണത്തെ പോലും സൗഭാഗ്യമായി കാണാനുള്ള വികൃതമായ മനോനിലയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഉള്ളത്. കേരള ജനതക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പിണറായി വിജയന് വീണ്ടും അവസരം നല്‍കിയതാണ്. അതിലുള്ള അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്നും രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.