പിണറായി വിജയൻ ആദ്യമായി മല ചവിട്ടാനൊരുങ്ങുന്നു
text_fieldsപത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തിലാദ്യമായി മല ചവിട്ടാനൊരുങ്ങുന്നു. ശബരിമല മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനം വിലയിരുത്താൻ നാളെയാണ് മുഖ്യമന്ത്രി ശബരിമല സന്ദർശിക്കുക. പമ്പയിലും സന്നിധാനത്തുമായി നാല് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിടും. പമ്പയിലെ സ്‌നാന ഘട്ട നവീകരണം സന്നിധാനത്തെ ശുദ്ധജല സംഭരണി, പുണ്യ ദര്‍ശന കോപ്ലക്‌സ് എന്നിവക്ക് മുഖ്യമന്ത്രി തറക്കല്ലിടും. 4.99 കോടി രൂപ മുടക്കി ടൂറിസം വകുപ്പാണ് പുണ്യ ദര്‍ശന കോംപ്ലക്‌സ് നിര്‍മിക്കുന്നത്.
ശബരിമല തീർഥാടകർക്കായി 37 ഇടത്താവളങ്ങള്‍ വികസിപ്പിക്കുവാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഒരു മാസത്തിനകം പത്ത് ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ഇടത്താവള വികസനത്തിനായി 145 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എരുമേലിയിലെ ശുദ്ധജല പ്ലാന്റും വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ 157 കിയോസ്‌കുകളും 379 പൈപ്പുകളും ഒക്ടോബര്‍ മധ്യത്തോടെ സജ്ജമാക്കും.
ഒക്ടോബര്‍ അവസാനത്തോടെ ശബരിമലയിലേക്കുള്ള 207 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. ഇതിനായി 140 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശബരിമലയില്‍ സീസണില്‍ കെഎസ്ആര്‍ടിസിയുടെ 400 ബസുകള്‍ സര്‍വീസ് നടത്തും. തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് റെയില്‍വെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.