ജന്തുവിനെ പോലെയല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന ഉറപ്പു നൽകുന്നത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശമെന്നത് ജന്തുവിനെ പോലെയല്ല അന്തസ്സോടെ ജീവിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിഭാവനം ചെയ്തതിന് വിപരീതമായി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. കേരള നവോത്ഥാന സമിതിയുടെ (കെ.എൻ.എസ്) ഭരണഘടനാ സംരക്ഷണ സമ്മേളനവും വനിതാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വത്തിന് മതവിശ്വാസം ഘടകമാക്കുന്ന നിലവരെ ഉണ്ടായി. മതാധിഷ്ഠതയിലേക്കും സങ്കുചിതദേശീയതയിലേക്കും വംശീയതയിലേക്കും ഭരണസംവിധാനത്തെ ചുരുക്കിയ അയൽരാജ്യങ്ങളുടെ സ്ഥിതി എന്താണെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങൾ സംരക്ഷിക്കാൻ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം. എന്നാൽ, മതനിരപേക്ഷത അട്ടിമറിക്കാൻ പല നിലയ്ക്കുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. 21-ാം നൂറ്റാണ്ടിൽ പോലും കുടുംബത്തിനകത്ത് അസമത്വം നേരിടുകയാണ്. തൊഴിൽ, വേതനം, ജനപ്രതിനിധി സഭ എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾക്ക് അസമത്വം അനുഭവിക്കേണ്ടി വരുന്നുണ്ട്. എല്ലാ മേഖലയിലും സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഇടപെടലുകൾ നടത്താനാണ് സർക്കാറിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.