ഇരട്ടച്ചങ്ക് കൊണ്ടുള്ള ചില ഗുണങ്ങൾ
text_fieldsലോകത്തെന്നല്ല, ഭൂമി മലയാളത്തിൽതന്നെ, ഇരട്ടച്ചങ്കുള്ള ഒരാളേയുള്ളൂ. ഒറ്റച്ചങ്ക് കൊണ്ടുള്ള പ്രയോജനം എന്തൊക്കെയാണെന്ന്, നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ഇരട്ടച്ചങ്കുകൊണ്ടുള്ള പ്രയോജനങ്ങൾ ഇപ്പോഴാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ച് നാളുകളായി അവ പല രീതിയിൽ മലയാളികൾ അനുഭവിക്കുന്നുമുണ്ട്.
കുന്നുകുഴിയിലെ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരിക്കുന്ന പുതിയ ശാസ്ത്രസത്യമനുസരിച്ച്, ഇടത് ചങ്ക് ചെയ്യുന്നത് വലത് ചങ്ക് അറിയില്ല. വലത് ചങ്ക് ചെയ്യുന്നത് ഇടതും അറിയില്ല. 'വ്യത്യസ്ത ഘടകങ്ങളുടെ സൂക്ഷ്മ വിശകലനം','ജനാധിപത്യ ഉള്ളടക്കത്തിെൻറ മികച്ച മാതൃക', 'ഒഴിവാക്കുകയല്ല, അവസരം നൽകുകയാണ്'എന്നൊക്കെയാണ് ഈ കണ്ടെത്തലിന് നൽകിയ സൈദ്ധാന്തിക ആക്ടിങ്. കോവിഡ് വാക്സിന് ശേഷമുണ്ടായ ഏറ്റവും വലിയ കണ്ടെത്തലാണിത്. അധികാര ദുര എന്ന വൈറസിനെ തുരത്താൻ കണ്ടുപിടിച്ച ഈ 'വാക് സീൻ' കൊണ്ട് കാര്യമൊന്നുമില്ലെന്ന് സിൻഡിക്കേറ്റുകൾ പറയും.
എന്നാൽ, അവർക്ക് ഇരട്ടച്ചങ്കിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ഇനി, ഇതിന് തെളിവ് ചോദിക്കുന്നവരുടെ മുന്നിലേക്കാണ് ഗവേഷണ സ്ഥാപനത്തിലെ 'ആക്ടിങ് മേധാവി' നടത്തിയ വെളിപ്പെടുത്തലുകൾ. കുറച്ചുകൂടി തെളിച്ച് പറഞ്ഞാൽ, രണ്ട് തവണ ജയിച്ചവർക്ക് സീറ്റില്ല, പാർലമെൻററി, സംഘടനാ രംഗത്തുള്ളവരുടെ വരവും പോക്കും. അങ്ങനെ പലതും. ഇങ്ങനെ പലതും 'കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്' എന്ന ഇന്നസെൻറ് ശൈലിയിൽ തലയും കുലുക്കി നിന്നവരെ ഒരുപോലെ ഞെട്ടിച്ച് ആ പരീക്ഷണത്തിലെ തെളിവ് പുറത്തുവിട്ടു.
ഭരണത്തുടക്കത്തിൽത്തന്നെ, പുത്തരിയിൽ കല്ലിട്ട ഇ.പി. ചിറ്റപ്പനെ, ജി.എസ്.ടിയിലും കിഫ്ബിയിലും കേരളത്തെത്തന്നെ, കുളത്തിലിറക്കിയ, െഎസക്ക് ശാസ്ത്രജ്ഞനെ, 'മില്യൺഡോളർ' പേരുദോഷം കേൾപിച്ച സഭാ നാഥനെയൊക്കെ, ഈ കണക്കിൽ പെടുത്തി, സ്ഥാനാർഥിപ്പട്ടികയിൽനിന്നും കടക്ക് പുറത്ത് എന്ന് കഠിനഹൃദയമുള്ള ഇടത് ചങ്ക് പറഞ്ഞു. എന്നാൽ, ഇതറിയാത്ത വലതു ചങ്ക് പെരുമാറിയത് കരുണയോടെയും. അങ്ങനെയാണ്, ലോക്സഭയിലേക്ക് തോറ്റവർ വേണ്ട എന്നതിൽ ഇളവു വരുത്തി, രാജേഷ്, രാജീവ്, ബാലഗോപാൽ തുടങ്ങിയവരെ കയറ്റിയിരുത്തിയത്. തലകറുപ്പിച്ച വാസവനും ഇവരോടൊപ്പം കടന്നുകൂടിയെങ്കിലും വിഗ്രഹം ചുമക്കാത്ത, തലനരച്ച പി. ജയരാജന് അപ്പോഴും പി.ജെ ആർമി കമാൻഡറായി തുടരാനാണ് വിധി.
വാ കീറിയ ദൈവം ഇരയും കൊടുക്കും എന്ന് വരരുചി പറഞ്ഞിട്ടുണ്ടെങ്കിലും 'വാ കീറിയ' എല്ലാവർക്കും സീറ്റ് കൊടുക്കണമെന്ന് മാർക്സ് പറഞ്ഞിട്ടില്ലാത്തതിനാൽ പല വലിയവായിലെ പോരാളികൾക്കും സീറ്റ് കിട്ടിയില്ല. സൈബർ ലോകത്ത് പോരാടിയാൽമാത്രം പോരാ ചങ്കിലിടം നേടുകയും കൂടെ വേണം. ഇല്ലെങ്കിൽ കാത്തുെവച്ച കസ്തൂരിമാമ്പഴം ആരെങ്കിലുമൊക്കെ കൊണ്ടുപോകും എന്നുകൂടെയാണ് എ.കെ.ജി ഗവേഷണ കേന്ദ്രം ഇരട്ടച്ചങ്കിനെ കുറിച്ച് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലെ ഫലങ്ങളിലെ പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.