സർക്കാറിന് ആശ്വാസം, കൂടുതൽ കരുത്തനായി പിണറായി
text_fieldsതിരുവനന്തപുരം: ഇടതു സർക്കാറിന് ഏറെ ആശ്വാസം നൽകുന്ന ലാവലിൻ കേസിലെ ഹൈകോടതി വിധി മുഖ്യമന്ത്രിയെന്ന നിലയിലും രാഷ്ട്രീയനേതാവെന്നനിലയിലും പിണറായി വിജയെന കൂടുതൽ കരുത്തനാക്കും. അപ്പീൽ സാധ്യത ബാക്കിയാണെങ്കിലും ലാവലിൻ കരിനിഴൽ തൽക്കാലത്തേക്കെങ്കിലും ഒഴിഞ്ഞുപോയതോടെ മുഖ്യമന്ത്രി കസേരയിൽ ഇനി അമർന്നിരുന്ന് ഭരിക്കാം. ഒന്നരദശാബ്ദത്തോളം വേട്ടയാടിയ ലാവലിനിൽ പിണറായിക്ക് തിരിച്ചടി കാത്തിരുന്ന പാർട്ടിക്കുള്ളിലും പുറത്തുമുള്ളവരെ നിരാശരാക്കും.
എതിരാളികളെ നിശബ്ദരാക്കാനും ആരോപണങ്ങളെ ഭസ്മീകരിക്കാനും ഭാവി നിയമനടപടികൾക്ക് ബലം പകരാനും ഇപ്പോഴത്തെ വിധി പിണറായിക്ക് സഹായകരമാകും. ആറ് മാസത്തിലേറെ നീണ്ട കോടതി വിധിയെക്കുറിച്ച ആശങ്ക ഒഴിഞ്ഞ അദ്ദേഹം ഭരണരംഗത്ത് ഇനി കൂടുതൽ ശക്തനാകും. വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ കൂടുതൽ ശക്തമായ നടപടികൾ മുഖ്യമന്ത്രിയിൽനിന്ന് ഇനി ഉണ്ടാകുമെന്നാണ് കരുതുന്നത്. അനാവശ്യമായി ആർക്കും വഴങ്ങാതെ ശക്തമായി മുന്നോട്ടുപോകാൻ അദ്ദേഹത്തിനാകും.
വിധി മുഖ്യമന്ത്രിക്ക് എതിരായിരുെന്നങ്കിൽ വൻ രാഷ്ട്രീയവിവാദമായി മാറുമായിരുന്നു. വിധിയിൽ ഏറെ പ്രതീക്ഷവെച്ചിരുന്ന പ്രതിപക്ഷത്തിന് പിണറായിയെ നേരിടാൻ സുപ്രധാന ആയുധമാണ് നഷ്ടമായത്. സംഘടനതലത്തിലും അദ്ദേഹത്തിന് വീരപരിവേഷം കിട്ടും. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടുകഥയാണെന്നും സി.പി.എം നിലപാട് എടുത്തിരുന്നു. പാർട്ടി ഒന്നടങ്കം പിണറായിയെ പിന്തുണക്കുകയും ചെയ്തു. ആ നിലപാടുകളുടെ സാധൂകരണം കൂടിയായി വിധി. ബി.ജെ.പി-ആർ.എസ്.എസ് വർഗീയതക്കെതിരെ സി.പി.എമ്മിെൻറ ദേശീയമുഖമാണ് പിണറായി. സി.ബി.െഎ ബലിയാടാക്കിയ സംസ്ഥാന മുഖ്യമന്ത്രി എന്ന ഇമേജാണ് ഇനി ദേശീയതലത്തിൽ പിണറായിക്ക് ലഭിക്കുക. ഹൈകോടതി പരാമർശങ്ങൾ വലിയ ആശ്വാസമാണ് പിണറായിക്ക് നൽകുന്നത്.
സി.പി.എം പുതിയ സമ്മേളന കാലത്തിലേക്ക് കടക്കുകയാണ്. ഒന്നര പതിറ്റാണ്ടോളം ലാവലിൻ പ്രശ്നം സി.പി.എം സമ്മേളനങ്ങളിൽ കത്തിയാളിയിരുന്നു. അവ കഴിഞ്ഞ സമ്മേളനത്തോടെ ഏറെക്കുറെ കെട്ടടങ്ങുകയും ചെയ്തു. ഇപ്പോൾ അത് പിണറായിയെ വേട്ടയാടിയതിനെക്കുറിച്ച ചർച്ചകളിലേക്ക് വഴിമാറും. കേസിലെ പരാമർശങ്ങൾ സി.ബി.െഎക്ക് കനത്ത തിരിച്ചടിയായതിനാൽ അപ്പീലിന് പോകും. അതുകൊണ്ടുതന്നെ കേസിലെ നിയമനടപടികൾ ഇതോടെ അവസാനിക്കില്ലെന്നുറപ്പായി. മുഖ്യമന്ത്രി കൂടിയായ ഒരു നേതാവിനെ കുടുക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് സി.ബി.െഎ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.