ഉദ്യോഗസ്ഥർ ജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറണം -പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: ആലുവയിൽ റേഷൻ ആനുകൂല്യം നൽകാൻ വൈകിയതിന് മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിക്കുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും ബന്ധപ്പെട്ടവർ മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ഭരണത്തിെൻറ ആദ്യ ദിവസങ്ങളിൽ തന്നെ സർക്കാർ നയം മുന്നോട്ട് വെച്ചിരുന്നുവെന്നും ചിലർ അതിനോട് അനുകൂലമായി പ്രതികരിച്ചപ്പോൾ മറ്റു ചിലർ ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നതിെൻറ ഉദാഹരണമാണ് ആലുവയിലെ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണം. ഭരണത്തിെൻറ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.
എന്നാൽ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ആലുവയിൽ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങൾ ഉയർന്നു വരുന്നത് അതിെൻറ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസിൽ തീർപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകൾ കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയണം. ഭരണവും ഭരണ നിർവ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.