മാണിസാറിന്‍റെ ജനപ്രിയ പദ്ധതികളെ പിണറായി കൊല്ലാക്കൊല ചെയ്‌തെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികം ആചരിച്ചപ്പോള്‍ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്‌തെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. യു.ഡി.എഫില്‍ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു കൊലച്ചതിക്കായിരുന്നോയെന്ന് സുധാകരന്‍ ചോദിച്ചു.
മാണിസാര്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കാരുണ്യ പദ്ധതിയും റബര്‍വില സുസ്ഥിരതാ പദ്ധതിയുമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. കാരുണ്യ പദ്ധതിക്ക് 500 കോടിയിലധികം രൂപ കുടിശികയായതിനെ തുടര്‍ന്ന് പദ്ധതി തന്നെ ഇല്ലാതായെന്നു പറയാം. റബർ വില സ്ഥിരതാ ഫണ്ടിലേക്ക് 2022-23 വര്‍ഷം 500 കോടി വകയിരുത്തിയിട്ട് ഈ സാമ്പത്തിക വര്‍ഷം ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ്. ലക്ഷക്കണക്കിനു കര്‍ഷകര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിച്ച് പണം കിട്ടാതെ വലയുന്നു. റബര്‍ വില ഭൂമിയോളം താഴ്ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് പിണറായി സര്‍ക്കാരിന്റെ കടുംവെട്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ കാരുണ്യ പദ്ധതിയുടെ ധനസമാഹാരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും ലോട്ടറി വകുപ്പിനെ ഇതിന്റെ നടത്തിപ്പ് ഏൽപിക്കുകയും ചെയ്തിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് 1.42 ലക്ഷം പേര്‍ക്ക് 1,200 കോടി രൂപയുടെ ചികിത്സാസഹായം നൽകി കാരുണ്യ പദ്ധതി ജനങ്ങളുടെ ഹൃദയം കവര്‍ന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ സംസ്ഥാനത്തു നിന്ന് പ്രതിവര്‍ഷം കൊള്ളയടിച്ചിരുന്ന 3,655 കോടി കാരുണ്യ ലോട്ടറിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കാരുണ്യ പദ്ധതി ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടു.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ മുടന്താന്‍ തുടങ്ങിയ പദ്ധതി ലോട്ടറി വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിലേക്ക് എടുത്തുമാറ്റി മറ്റു ചില പദ്ധതികളുമായി കൂട്ടിക്കെട്ടി ദയാവധം നടപ്പാക്കുകയാണ് ചെയ്തത്. റബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധയിലേക്ക് 800 കോടി രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയെയും പ്രതികാര ബുദ്ധിയോടെ ഇല്ലാതാക്കിയതോടെ റബര്‍ കര്‍ഷകരും കൊടിയ വഞ്ചനക്ക് ഇരയായെന്നു സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.