സ്വാഗത പ്രസംഗം നീണ്ടു; അസ്വസ്ഥനായ മുഖ്യമന്ത്രി വേദിവിട്ടു
text_fieldsകൊല്ലം: നീണ്ടുപോയ സ്വാഗതപ്രസംഗം നിര്‍ത്തിപ്പിച്ച് ഭദ്രദീപം തെളിച്ച് മുഖ്യമന്ത്രി സംസാരിക്കാതെ വേദി വിട്ടു. ജില്ല ആശുപത്രിയിലെ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി സ്വാഗത പ്രസംഗത്തിനിടെ നോട്ടീസിലുള്ള 40 ഓളം പേര്‍ക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. നീണ്ടുപോയ സ്വാഗത പ്രസംഗം ഇടക്ക് നിര്‍ത്തിപ്പിച്ച് ഭദ്രദീപം തെളിച്ച് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.
മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സ്വാഗതപ്രസംഗം അവസാനിപ്പിക്കാന്‍ അധ്യക്ഷയായ മന്ത്രി കെ.കെ. ശൈലജ അടുത്തുവന്ന് പറഞ്ഞെങ്കിലും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഗൗനിച്ചില്ല. തുടർന്നാണ് പ്രസംഗം മതിയെന്ന് അറിയിച്ച് മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് പദ്ധതികൾ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അടുത്ത യോഗസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു.
തൊണ്ടക്ക് അസ്വസ്ഥത ഉള്ളതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ രോഗികളും കൂട്ടിരിപ്പുകാരുമടക്കം നിരവധി പേരാണ് കാത്തിരുന്നത്. ജില്ല ആശുപത്രിയിലെ ചടങ്ങിനുശേഷം ജില്ലയില്‍ മുഖ്യമന്ത്രിക്ക് നാല് പരിപാടികൾ കൂടി ഉണ്ടായിരുന്നു. അവിടങ്ങളിലെല്ലാം മുഖ്യമന്ത്രി എത്തിയെങ്കിലും പ്രസംഗിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.