ആർത്തിരമ്പി ജനം; ആവേശച്ചൂടുയർത്തി പിണറായി -VIDEO
text_fieldsമലപ്പുറം: കൊണ്ടോട്ടി നഗരഹൃദയത്തിലെ ചുക്കാൻ ഗ്രൗണ്ടിൽ തയാറാക്കിയ വേദിയിൽ രാവിലെ ഒമ്പതിനുതന്നെ ആളുകൾ എത്തിക്കൊണ്ടിരുന്നു. ചുവന്ന കൊടി കെട്ടിയ ജീപ്പിലും ഓട്ടോയിലും സ്കൂട്ടറിലുമായി പ്രവർത്തകരെത്തുന്നു.
കാതടപ്പിക്കുന്ന ശബ്ദത്തിൽ മാപ്പിളപ്പാട്ടിെൻറ ഈരടികൾ പാരഡി ഗാനങ്ങളായി. ഇബ്രാഹിംകുഞ്ഞിനെയും കെ.എം. ഷാജിയെയും എം.സി. ഖമറുദ്ദീനെയുമെല്ലാം പരിഹസിക്കുന്ന വരികൾ. ചുവന്ന ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വേദി. ഓടിനടന്ന് ചുവപ്പ് വളൻറിയർമാർ. സദസ്സിനെ ആവേശം കൊള്ളിച്ച്, വിപ്ലവസ്മരണകളുണർത്തുന്ന രാഹുലെൻറ പാട്ട്. 10 മണിക്ക് മുമ്പുതന്നെ കസേരകൾ നിറഞ്ഞു. ചൂട് കിനിഞ്ഞിറങ്ങിയ പന്തലിന് താഴെ സദസ്സ് കാത്തിരിക്കുന്നു. 10 മണിയോടെ മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.പി. സാനുവെത്തി. തൊട്ടുപിറകെ കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുലൈമാൻ ഹാജി നിറഞ്ഞ കൈയടിക്കിടയിലൂടെ വേദിയിലെത്തി.
ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. പെട്ടെന്ന് കാതടപ്പിക്കുന്ന മുദ്രാവാക്യം, ആർപ്പുവിളി. സദസ്സിൽ നിന്നുയർന്ന മൊബൈൽ കാമറകളുടെ പ്രളയത്തിനിടയിലൂടെ പിണറായി വിജയൻ വേദിയിലേക്കെത്തുകയാണ്.
സാനിറ്റൈസ് ചെയ്ത പ്രസംഗവേദിയിൽ പതിയെ തുടക്കം. ''ചങ്ങല പൊട്ടിച്ചെറിയലും മറ്റുമൊക്കെ നമുക്ക് വേറെ പറയാം. സുലൈമാൻ ഹാജി ഇടത് സ്വതന്ത്ര സ്ഥാനാർഥിയാണ്. പൊതുവായ മുദ്രാവാക്യങ്ങൾ മതി'' -സംസാരം തുടങ്ങിയതിങ്ങനെ. പറയാനുള്ളത് പറഞ്ഞ് അടുത്ത വേദിയായ ചേളാരിയിലേക്ക്. പിണറായി എത്തുന്നതിന് മുമ്പ് മേലേ ചേളാരിയിൽ സജ്ജമാക്കിയ വേദിയിൽ ജനം നിറഞ്ഞിരിക്കുന്നു. െഎ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൽ അസീസ് സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായിയെ വാഴ്ത്തി കത്തിക്കയറുകയാണ്. ഹൈവേക്ക് ഇരുവശവും ജനം തിങ്ങിക്കൂടിയിട്ടുണ്ട്. വള്ളിക്കുന്ന്, വേങ്ങര മണ്ഡലം സ്ഥാനാർഥികളായ എ.പി. അബ്ദുൽ വഹാബും പി. ജിജിയുമുണ്ട് വേദിയിൽ. സമ്മേളന നഗരിയുടെ മതിലിലും പരിസരത്തെ കെട്ടിടങ്ങളുടെ വരാന്തയിലും ആൾക്കൂട്ടം. കത്തുന്ന വെയിലിന് മറയായി കെട്ടിയ പന്തലിൽ ചൂട് പെരുത്തു. സദസ്സിെൻറ വലതുവശം നിറയെ സ്ത്രീകൾ. പന്തലിന് പുറത്ത് കസേരയില്ലാത്തവർ പൊരിവെയിലത്ത് തലയിൽ തട്ടമിട്ട് നിൽക്കുന്നു. വഹാബ് പ്രസംഗിക്കുന്നതിനിടെ 11.45ഓടെ പിണറായി സദസ്സിന് പിറകിൽ പ്രത്യക്ഷപ്പെട്ടു. ജനം ഇളകിമറിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചുകൊണ്ട് തുടക്കം. പൗരത്വ പ്രക്ഷോഭത്തിലെ ഇടത് നിലപാട് എടുത്തുപറഞ്ഞും ബി.ജെ.പി- കോൺഗ്രസ് ബന്ധത്തെ കടന്നാക്രമിച്ചും പതിഞ്ഞ താളത്തിൽ പ്രസംഗം.
ഇടത് എം.എൽ.എ വി. അബ്ദുറഹ്മാെൻറ മണ്ഡലമായ താനൂരിലായിരുന്നു ഉച്ചഭക്ഷണത്തിന് ശേഷം പ്രചാരണം. താനൂർ അങ്ങാടിയിൽ തയാറാക്കിയ പന്തലിൽ ഒരു മണിയോടെത്തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രണ്ട് മണിയോടെ കസേരകൾ നിറഞ്ഞു.
കഠ്വ ഫണ്ട് വിവാദമുയർത്തിയ മുൻ യൂത്ത് ലീഗ് നേതാവ് യൂസുഫ് പടനിലം വേദിയിൽ ആഞ്ഞടിക്കുന്നു. താനൂർ എം.എൽ.എയെ സാക്ഷിനിർത്തി എതിർ സ്ഥാനാർഥിയായ പി.കെ. ഫിറോസിനെ കടന്നാക്രമിച്ച് പ്രസംഗം. മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിനിറഞ്ഞ സദസ്സ്. പറഞ്ഞതിലും അര മണിക്കൂർ വൈകി 3.30ഓടെ പിണറായി എത്തിയപ്പോൾ റോഡിൽ നിന്നവർ കൂടി പന്തലിലേക്ക് ഇടിച്ചുകയറി. ജനക്കൂട്ടം ഇളകിമറിഞ്ഞു. വേദിക്ക് പുറത്ത് താനൂർ നഗരത്തിലെ പ്രധാന റോഡ് നിശ്ചലമായി. അവിടെനിന്ന് പൊന്നാനിയിലെത്തുമ്പോൾ സമയം അഞ്ചായി. എ.വി. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നിറയെ ജനക്കൂട്ടം. അകത്തേക്ക് കയറുന്നവർക്കെല്ലാം സാനിറ്റൈസർ നൽകാൻ പെൺകുട്ടികൾ. ആവേശത്തിരയിളക്കി പിണറായി വേദിയിലേക്ക് വരാൻ തുടങ്ങിയപ്പോഴേക്കും പി. ശ്രീരാമകൃഷ്ണൻ സംസാരം നിർത്തി. വേദിയിൽ സാനിറ്റൈസറുമായി നിന്ന പെൺകുട്ടി പിണറായിയുടെ കൈകളിൽ സ്പ്രേ ചെയ്യാൻ തുനിഞ്ഞപ്പോൾ തട്ടിമാറ്റി. ഭയന്ന കുട്ടിയെ പ്രസംഗം കഴിഞ്ഞിറങ്ങുമ്പോൾ സെൽഫിയെടുത്ത് ആശ്വസിപ്പിച്ചു. സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സ്ഥാനാർഥി പി. നന്ദകുമാറിെൻറ പ്രവർത്തനങ്ങൾ ഓർമിപ്പിച്ചും സംസാരം.
ആറ് മണിയോടെ വേദി വിടുമ്പോഴും ജനം ഒഴുകിക്കൊണ്ടിരുന്നു. 7.15ന് ജില്ലയിലെ അവസാന പരിപാടിയായ ഏലംകുളത്തെ ഇ.എം.എസ് സ്മാരകത്തിെൻറ ഉദ്ഘാടന വേദിയിലെത്തുമ്പോഴും ആവേശഭരിതരായി വലിയ ജനക്കൂട്ടം കാത്തുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.