ലൈഫ് പദ്ധതി തകർക്കുന്നവർ പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ലൈഫ് ഭവന പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നവർ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി പയ്യന്നൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ കേരളത്തിൽ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടടുക്കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിൽ എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുകയെന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. ഈ വർഷം 71,868 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിർമാണത്തിനായി കരാർ വെച്ചത് 1,41,257 വീടുകളാണ്. ഇതിൽ 15,818 വീടുകളുടെ നിർമാണം പൂർത്തിയായി.
പി.എം.എ.വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020-21നുശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്നു വര്‍ഷമായി ആ പട്ടികയില്‍നിന്ന് പുതിയ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താന്‍ കേന്ദ്രം തയാറാകുന്നില്ല.
കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണമനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണംചെയ്യാന്‍ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.