സ്വർണക്കടത്തുകേസിൽ ആശങ്കയില്ല, ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് പിന്നീട് അറിയാമെന്നും മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എൻ.ഐ.എ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൻെറ കാര്യത്തിൽ യാതൊരുവിധ ആശങ്കയും ഇല്ല. അധിക ദിവസം കഴിയാതെ എല്ലാ വിവരവും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് ഉയരുമെന്ന് അപ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കും തൻെറ ഓഫിസിനും ഒന്നും മറച്ചുവെക്കാനില്ല. ഗൗരവമേറിയ കേസായതിനാൽ ഗൗരവമായി അന്വേഷിക്കണം. അതു തന്നെയാണ് കോടതിയിലും എൻഐഎ പറഞ്ഞത്. സ്വർണക്കടത്തു കേസ് ഉണ്ടായപ്പോൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വാഭാവികമായും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോൾ കാണാം. മാധ്യമങ്ങൾക്കു തൃപ്തി വരണമെങ്കിൽ താൻ ഈ കസേരയിൽനിന്ന് ഒഴിയണം. അതിനു മാധ്യമങ്ങൾ വിചാരിച്ചാൽപോരാ നാട്ടിലെ ജനങ്ങൾ വിചാരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ പറയുന്നതിൻെറ ഉദ്ദേശ്യം നാട്ടുകാർക്കു നന്നായി വ്യക്തമായിട്ടുണ്ട്. നാട്ടുകാർക്ക് ഒരു സംശയവും ഇക്കാര്യത്തിൽ ഇല്ല. മാധ്യമങ്ങൾ ഒരു പ്രത്യേക രീതി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ നാടിൻെറ പൊതുവായ ബോധം മാറ്റിമറിക്കാൻ പറ്റുമോയെന്നാണ് നോക്കുന്നത്. മാധ്യമങ്ങൾ പ്രത്യേക ഉപജാപക സംഘത്തിൻെറ വക്താക്കളായി മാറുന്നു. എന്തടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനത്തിൻെറ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാകുന്ന തരത്തിൽ വാർത്തകൾ കൊടുക്കുന്നതെന്നും എന്തും വിളിച്ചു പറയാവുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു നിന്ദ്യമായ രീതിയും സ്വീകരിക്കാമെന്നാണ്. അതിനാണോ മാധ്യമങ്ങൾ കൂട്ടുനിൽക്കേണ്ടത്. എനിക്കതിലൊന്നും ഒരുതരത്തിലുമുള്ള ആശങ്കയുമില്ല. നാട്ടുകാർക്കുമറിയാം ഇതൊന്നും എങ്ങും എത്താൻ പോകുന്നില്ലെന്ന്. കൃത്യമായി അന്വേഷണം നടന്നിട്ട് ആ അന്വേഷണത്തിൻെറ ഭാഗമായി കാര്യങ്ങൾ വരട്ടെ– മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഉദ്യോഗസ്ഥനിൽ ഒതുങ്ങി നിന്നുകൊണ്ടാണോ വാർത്തകൾ വന്നത്. വേറെ പലർക്കും പല ഉദ്ദേശ്യവും കാണും. അതിനു മാധ്യമങ്ങൾ കൂട്ടുനിൽക്കരുത്. രാഷ്ട്രീയമായി തന്നെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ടാകും. ആ ശക്തികളുടെ കൂടെ നിന്നുകൊടുക്കരുത്. മാധ്യമ ധർമം പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.