സെൻസർ ബോർഡിന്‍റെ നിലപാടുകൾ സാമാന്യ ബോധത്തെ അമ്പരപ്പിക്കുന്നതെന്ന് പിണറായി
text_fieldsതിരുവനന്തപുരം: നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെൻറി സെൻസർ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്യുമെൻററിയിൽ നിന്ന് ഗുജറാത്ത്, പശു, ഹിന്ദു, ഹിന്ദുത്വ, ഇന്ത്യയെക്കുറിച്ചുളള ഹിന്ദുത്വ കാഴ്ചപ്പാട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്‍റെ നിർദേശം ജനങ്ങളുടെ സാമാന്യ ബോധത്തെ അമ്പരപ്പിക്കുന്നതാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നേരെയുളള കടന്നാക്രമണമാണ് സെനസറിങ് എന്നും വിയോജിപ്പുകളും എതിരഭിപ്രായവും അംഗീകരിക്കാത്ത ഫാസിസ്റ്റ് പ്രവണതയായേ അതിനെ കാണാനാകൂയെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഗുജറാത്ത്, പശു, ഹിന്ദു തുടങ്ങിയ വാക്കുകൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത് സംഘ പരിവാർ ഭയപ്പെടുന്നു. തങ്ങളുടെ ഹീനകൃത്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന വാക്കുകളാണ് ഇവ എന്ന ധാരണയിലാണോ ഒരു ഡോക്യുമെന്ററിയിൽ ഈ പദങ്ങൾ വരുന്നിടത്ത് "ബീപ്പ്" ശബ്ദം മതി എന്ന് സെൻസർ ബോർഡിനെ കൊണ്ട് പറയിച്ചത് എന്ന് വ്യക്തമാക്കണം.
നിയമങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സെൻസർ ബോർഡ് പോലുളള സ്ഥാപനങ്ങളെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുളള ഉപകരണങ്ങളാക്കി കേന്ദ്ര സർക്കാർ മാറ്റിയിരിക്കയാണെന്നും പിണറായി വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.