'തീബ്സിലെ ഏഴ് കവാടങ്ങൾ നിർമിച്ചതാരാണ്'?; തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsപാലാരിവട്ടം പാലം നിർമിച്ച തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 'നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്‍റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം' എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 'തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്' എന്ന വിപ്ലവ കവി ബർതോൾഡ് ബ്രെഹ്തിന്‍റെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?' എന്ന വരികളും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ലെന്നും വിയർപ്പും രക്തവും ചിന്തി അധ്വാനിക്കുന്ന തൊഴിലാളികളാണെന്നും പോസ്റ്റിൽ പറയുന്നു. 'ഈ സർക്കാരിന്‍റെ കാലത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിന്‍റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതുകൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുമ്പ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അധ്വാനിച്ച നൂറുകണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. പാലത്തിൽ നിന്നുള്ള താഴിലാളികളുടെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവയ്ച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.