കുട്ടികളോട് ലൈംഗിക ആകർഷണം: സമൂഹ മാധ്യമ ചർച്ച ആശങ്കജനകം –പിണറായി
text_fieldsതിരുവനന്തപുരം: കുട്ടികളോടുള്ള ലൈംഗിക ആകർഷണത്തെ ന്യായീകരിച്ച് സമൂഹ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന ഇടപെടലുകൾ ആശങ്കജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാറിന് അത്തരം പ്രവർത്തനങ്ങൾ അനുവദിച്ചുകൊടുക്കാനാകില്ല. ആര് ന്യായീകരിക്കാൻ ശ്രമിച്ചാലും സർക്കാർ അതു വകവെച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നൊേബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നയിക്കുന്ന ഭാരത യാത്രയുടെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കെതിരായ ചൂഷണം വർധിച്ചുവരുകയാണ്. ബാലവേല ചിലയിടങ്ങളിലെല്ലാം തുടരുന്നുവെന്നതാണ് സത്യം. കുട്ടികൾക്ക് നേരിട്ട് പരിചയമുള്ളവരിൽനിന്നാണ് ലൈംഗിക അതിക്രമം കൂടുതലും നടക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സമൂഹത്തിൽ ബോധവത്കരണം അനിവാര്യമാണ്. നല്ല സ്പർശം, മോശം സ്പർശം എന്നിവ തമ്മിെല വ്യത്യാസം ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കണം. ഇതു തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കണം.
ജീവിതത്തിലെ പ്രയാസങ്ങൾ സംബന്ധിച്ച് കുട്ടികൾ മാതാപിതാക്കളോട് തുറന്നുപറയുന്ന സാഹചര്യം ഉണ്ടാകണം. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിെൻറ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ബാലാവകാശ കമീഷന് അധ്യക്ഷ ശോഭ കോശി, അംഗങ്ങളായ സി.ജെ. ആൻറണി, സിസ്റ്റർ ബിജി ജോസ്, സെക്രട്ടറി അനിത ദാമോദരൻ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് സത്യാര്‍ഥി മറുപടി പറഞ്ഞു. എം.ബി.എസ് ക്വയറിെൻറ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു.
സംസ്ഥാന ബാലാവകാശ കമീഷെൻറ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സത്യാര്‍ഥി ഫൗണ്ടേഷന് ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 120 കുട്ടികള്‍ ഭാരത് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. 22 സംസ്ഥാനങ്ങളിലൂടെ 11,000 കിലോ മീറ്റർ സഞ്ചരിച്ച് ഒക്ടോബറില്‍ ഭാരത് യാത്ര സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.