പി.ആർ.ഡിയെ മറികടന്ന് പി.ആർ ഇടനില
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ പ്രചാരണദൗത്യത്തിനായി വിപുലമായ സംവിധാനങ്ങളോടെ പി.ആർ.ഡി ഉണ്ടെങ്കിലും അതിനെ അപ്രസക്തമാക്കിയാണ് പി.ആർ ഏജൻസികൾ വഴിയുള്ള മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിർമാണ നീക്കങ്ങൾ. മാധ്യമങ്ങളോട് സർക്കാറിന് ആശയവിനിമയം നടത്തുന്നതിനുള്ള നോഡൽ വകുപ്പാണ് പി.ആർ.ഡി. ഈ സംവിധാനത്തെ മറികടന്നാണ് ഇടനില ഏജൻസികളെ നിയോഗിച്ചത്. പി.ആർ.ഡി സംവിധാനമുള്ളപ്പോൾ വകുപ്പുകൾക്ക് വാർത്താ ആവശ്യങ്ങൾക്ക് ഏജൻസികളെ നിയോഗിക്കാൻ പാടില്ല. എന്നാൽ, മുഖ്യമന്ത്രി ഈ കീഴ്വഴക്കങ്ങളെ മറികടന്നെന്നാണ് അഭിമുഖ വിവാദവും അനുബന്ധ സംഭവങ്ങളും വെളിപ്പെടുത്തുന്നത്.
മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ അഭിമുഖങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കണമെങ്കിൽ പി.ആർ.ഡി വഴിയാണ് മാധ്യമങ്ങളുമായി ആശയവിനിമയം നടത്തേണ്ടത്. അതേസമയം, ഡൽഹി അഭിമുഖത്തെ കുറിച്ച് പി.ആർ.ഡിക്ക് അറിവുപോലുമുണ്ടായിരുന്നില്ലെന്നാണ് വിവരം. സമൂഹമാധ്യമ ഇടപെടലുകൾക്ക് പി.ആർ.ഡി വഴി സംവിധാനമുണ്ടായിട്ടും ഇതിനായി മുഖ്യമന്ത്രിക്ക് പ്രത്യേകം ടീം തന്നെ വേറെയുണ്ട്. മുഖ്യമന്ത്രിയെപോലെ അതിസുരക്ഷയുള്ളയൊരാളുടെ അടുത്തേക്ക് മുൻകൂർ അനുമതിയില്ലാതെ അഭിമുഖത്തിനോ മറ്റോ എത്താനാവില്ല. ഫലത്തിൽ മാധ്യമപ്രവർത്തകക്ക് മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പി.ആർ ഏജൻസി പ്രതിനിധികൾക്കും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുമതി ഉണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. ഇത് ആരു നൽകിയെന്നതാണ് ചോദ്യം.
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ പി.ആർ ഏജൻസികളെ പണം കൊടുത്ത് പ്രചാരണത്തിന് നിയോഗിക്കുന്ന പതിവുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലാണ് സി.പി.എം പ്രധാനമായും പി.ആർ ഏജൻസികളെ നിയോഗിച്ചത്. ദേശീയതലത്തിൽ തലയെടുപ്പുള്ള ഏജൻസിയാണ് അന്ന് ഇടതുപക്ഷത്തിനായി രംഗത്തെത്തിയത്. പിന്നീട് പ്രധാന പരിപാടികളുടെ ആസൂത്രണവും നിർവഹണവുമെല്ലാം പി.ആർ ഏജൻസികൾതന്നെ നിർവഹിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ കാലത്ത് മുഖ്യമന്ത്രി ചുമതല വഹിച്ചിരുന്ന ഐ.ടി വകുപ്പ്, കോൺക്ലേവുകളുടെയും സംരംഭക സംഗമങ്ങളുടെയും പരമ്പരതന്നെ നടത്തിയിരുന്നു. ഇവയ്ക്കെല്ലാം ചുക്കാൻ പിടിച്ചത് ഏജൻസികളായിരുന്നു.
ദേശീയതലത്തിലും മുഖ്യമന്ത്രിക്കായി വിവിധ ഏജൻസികൾ രംഗത്തുണ്ട്. ഇതൊന്നും പി.ആർ.ഡി വഴിയല്ല. അതുകൊണ്ടുതന്നെ ഈ മുഖംമിനുക്കൽ ദൗത്യത്തിന്റെ വരവ്-ചെലവ് കണക്കുകൾ പി.ആർ.ഡിയുടെ അക്കൗണ്ടിലുമുണ്ടാകില്ല. ഏതെങ്കിലും സർക്കാർ വകുപ്പുകളുടെ അക്കൗണ്ടിൽ ‘ബ്രാൻഡിങ്ങി‘ന്റെ പേരിലാകും ഈ കണക്കുകളുണ്ടാവുക. ഡൽഹിയിലെ ഏജൻസിയുടെ ചെലവുവഹിക്കുന്നതും ഇത്തരത്തിൽ ഏതെങ്കിലും വകുപ്പായിരിക്കും. കോവിഡ് കാലത്തും പി.ആർ ഏജൻസികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പ്രതിച്ഛായ വർധിപ്പിക്കാൻ ഏജൻസികളെ ഉപയോഗിക്കുന്നെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.