പിണറായി ശ്രദ്ധാകേന്ദ്രമാവുക ‘നവകേരള നയരേഖ’ ഭരണത്തിൽ നടപ്പാക്കിയ കരുത്തിൽ
text_fieldsപിണറായി വിജയൻ
കോഴിക്കോട്: കഴിഞ്ഞ തവണ അവതരിപ്പിച്ച ‘നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്’ നയരേഖ ഭരണതലത്തിൽ പ്രയോഗവത്കരിച്ച് തുടങ്ങിയതിന്റെ കരുത്തിലാവും മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാവുക. ചരിത്രമെഴുതിയ രണ്ടാം പിണറായി സർക്കാറിൽ ഒതുങ്ങുകയല്ല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് വികസന നയങ്ങളിൽ ഉദാര പരിഷ്കരണം നടപ്പിൽവരുത്താൻ മൂന്നു വർഷം മുമ്പ് എറണാകുളത്ത് നടന്ന സമ്മേളനം തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായിരുന്നു പിണറായി സമ്മേളനത്തിലവതരിപ്പിച്ച നയരേഖ.
സംഘടനാപരവും രാഷ്ട്രീയവുമായ നിർബന്ധിത പരിഷ്കരണത്തിന് വിധേയമാകാൻ ആഹ്വാനം ചെയ്യുന്ന രേഖ, എങ്ങനെ പ്രായോഗികതലത്തിൽ കൊണ്ടുവരുമെന്നതിൽ അന്നേ നേതൃനിരയിലെ പലർക്കും ആശങ്കയുണ്ടായിരുന്നു. കെ-റെയിൽ, സ്വകാര്യ സർവകലാശാല, ആഗോള നിക്ഷേപക സംഗമം അടക്കമുള്ള നേരത്തേ വിവിധ കാരണങ്ങളാൽ തുറന്നെതിർത്തവയായിരുന്നു അവയിലെ പലതും എന്നതായിരുന്നു കാരണം. എന്നാൽ, പിണറായി അവതരിപ്പിച്ച രേഖ സമ്മേളനം അംഗീകരിച്ചതോടെ സി.പി.എം നയരേഖയാവുന്നതും എൽ.ഡി.എഫിന്റെ അനുമതിയോടെ അതിലെ നിർദേശങ്ങൾക്ക് ഭരണതലത്തിൽ തുടക്കംകുറിക്കുന്നതുമാണ് പിന്നീട് കണ്ടത്. നേരത്തേ പരസ്യമായി എതിർത്തിരുന്ന സ്വകാര്യ സർവകലാശാലക്ക് മന്ത്രിസഭ അംഗീകാരം നൽകുകയും ‘ഇൻവെസ്റ്റ് കേരള’ എന്ന പേരിൽ കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ച് 1.53 ലക്ഷം കോടിയുടെ വാഗ്ദാനം നേടുകയും ചെയ്തു. എതിർപ്പുകളെ അവഗണിച്ച് മറ്റു പദ്ധതികളും മുന്നോട്ടുപോവുകയാണ്.
‘ക്ഷേമ സർക്കാർ’ എന്നതിൽ ഒതുങ്ങാറുള്ള ഇടതുഭരണത്തെ ‘വികസന സർക്കാർ’ എന്നതിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും അതുവഴി മധ്യവർഗത്തിന്റെകൂടി പിന്തുണ നേടുകയുമാണ് പാർട്ടി ലക്ഷ്യം. പൊതുവെ സി.പി.എം ഭരിക്കുമ്പോൾ കേൾക്കാറുള്ള ‘പാർട്ടി സെൽഭരണം’ എന്ന പല്ലവി ഇപ്പോഴില്ലെന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. അടിസ്ഥാനവർഗത്തെ തൃപ്തിപ്പെടുത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം മധ്യവർഗത്തിന്റെ താൽപര്യവും സ്വപ്നങ്ങളുമായ പശ്ചാത്തല, അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പരിഗണന നൽകിയാണ് മൂന്നാം ഭരണത്തിലേക്കുള്ള ഉദാരപരിഷ്കരണത്തിന് തുടക്കമിട്ടത്. പുതിയ സർക്കാറിന്റെ നയമെന്ന നിലക്കാണ് ‘നവകേരളത്തിനുള്ള പുതുവഴികൾ’ രേഖ സമ്മേളനത്തിൽ പിണറായി ഇത്തവണ അവതരിപ്പിക്കുക. ഇക്കാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻതന്നെ പ്രഖ്യാപിച്ചതോടെ വരുന്ന തെരഞ്ഞെടുപ്പിലും ഇടതുമന്നണിയെ പിണറായി തന്നെ നയിക്കുമെന്നാണ് പാർട്ടി പറയാതെ പറഞ്ഞുവെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.