കരിപ്പൂർ വിമാനാപകടം: 149 പേർ ചികിത്സയിൽ; 23 പേരുടെ നില ഗുരുതരം -മുഖ്യമന്ത്രി
text_fields
കരിപ്പൂർ: കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി വർധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കോഴിക്കോട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൂടാതെ പൈലറ്റും കോപൈലറ്റും മരണപ്പെട്ടു. ഇവരുടെ മൃതദേഹം എയർ ഇന്ത്യ ഏറ്റുവാങ്ങി.
16 ആശുപത്രികളിലായി 149 പേർ ചികിത്സയിലാണ്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേർ ഡിസ്ചാർജ് ചെയ്തു.
അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട്, തെലങ്കാന സ്വദേശികളുമുണ്ട്. മരിച്ച ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കൺട്രോൾ റൂം നമ്പർ: 0495 2376901 ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റവർക്ക് താൽപര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകും. ചികിത്സയിലുള്ള മുഴുവൻ പേരുടെയും ചെലവ് സംസ്ഥാനം വഹിക്കും. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഗവർണറും മുഖ്യമന്ത്രിയും ഡി.ജി.പിയും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.