പ്രതിപക്ഷം പ്രതികാര പക്ഷമാകരുത് -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: പ്രതിപക്ഷം പ്രതികാരപക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യ കിറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷനെ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ അന്നം മുടക്കരുതെന്ന് പിണറായി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകൾ സൗജന്യമല്ല, അവരുടെ അവകാശമാണ്. ഇത്തരം ഇടപെടലുകൾ സർക്കാർ ഇനിയും തുടരും. ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് എത്രയേ മുമ്പ് തീരുമാനമെടുത്തതാണ്. ക്ഷേമ പെൻഷന്റെ കാര്യത്തിലും പ്രതിപക്ഷ നേതാവ് നുണ പറയുകയാണെന്നും പിണറായി ആരോപിച്ചു.
കോവിഡ്, പ്രളയ കാലങ്ങളെ ജനം അതിജയിച്ചത് സർക്കാരിെൻറ ഇത്തരം ഇടപെടലുകളിലൂടെയാണ്. പറഞ്ഞു പറഞ്ഞ് ഇനി ശമ്പളവും നൽകാൻ പാടില്ലെന്ന് പ്രതിപക്ഷം പറയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആഘോഷങ്ങൾക്ക് മുമ്പായി കഴിഞ്ഞ വർഷങ്ങളിലും ഭക്ഷ്യ ധാന്യങ്ങൾ നൽകിയിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. അടുത്ത ഭരണം കിട്ടിയാൽ പൊതുവിതരണ സംവിധാനം വിപുലപ്പെടുത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകൾ സ്ഥാപിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
പിണറായി ഇന്ന് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.