കെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; കേസുകൾ പിൻവലിക്കില്ല, ഭൂമി ഏറ്റെടുക്കൽ ഉത്തരവ് നിലനിൽക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ. റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സർക്കാർ പിൻവലിക്കില്ല. ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രാനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡി.പി.ആർ അപൂർണമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
സർവേകല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.