ശബരിമല കേസിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്ത് തുടർനടപടി -മുഖ്യമന്ത്രി
text_fieldsമഞ്ചേരി: ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികളുമായി ഒരു കൂട്ടുകെട്ടിനും തയാറല്ല. നിയമസഭയിൽ ബി.െജ.പിക്ക് അക്കൗണ്ട് തുറക്കാൻ സഹായം നൽകിയത് കോൺഗ്രസാണ്. അങ്ങനെ എം.എൽ.എയായ ആളാണ് ഒ. രാജഗോപാൽ. അദ്ദേഹം യു.ഡി.എഫ്-ബി.ജെ.പി ബാന്ധവത്തെക്കുറിച്ച് പറഞ്ഞപ്പോൾ പലർക്കും ചെവിയിൽ പഞ്ഞി കയറ്റിയ അവസ്ഥയാണ്. അവർ അത് കേട്ട ഭാവം നടിക്കുന്നില്ലെന്ന് മഞ്ചേരിയിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പാർട്ടിക്കും നിലപാടുകളുണ്ട്. അത് സംശുദ്ധമായിരിക്കണം. തെരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ടിനുവേണ്ടി അവസരവാദ നീക്കം നടത്തുന്നു. ഇത്തവണ മലമ്പുഴയിൽ നേമം ആവർത്തിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് കോൺഗ്രസ് നടത്തുന്നത്. അപ്രധാനിയായ സ്ഥാനാർഥിയെ നിർത്തി ബി.െജ.പിയെ ജയിപ്പിക്കാനുള്ള ശ്രമമാണ്. മലമ്പുഴയുടെ ചരിത്രം അറിയുന്നവർക്ക് അറിയാം അതൊന്നും ഏശില്ലെന്ന്. ബി.ജെ.പിയുടെ ബി ടീമാണ് യു.ഡി.എഫ്. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബി.ജെ.പി പറയുന്നത് കോൺഗ്രസിൽ പ്രതീക്ഷയർപ്പിച്ചാണ്. കോൺഗ്രസായി വന്ന്, ജയിച്ചാൽ ബി.ജെ.പിയാകുന്ന അവസ്ഥയാണ്. കോൺഗ്രസ് കൂടുതൽ ക്ഷീണത്തിലേക്ക് പോവുകയാണെന്നും ബി.െജ.പിയുമായി ധാരണയുണ്ടാക്കി സീറ്റ് നേടാൻ പറ്റുമോ എന്ന് നോക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയെ പറ്റി വലിയ താൽപര്യമാണ് പലർക്കും. അതിെൻറ ഉദ്ദേശ്യം വ്യക്തമാണ്. കേസ് നിലവിൽ സുപ്രീം കോടതി പരിഗണനയിലാണ്. അന്തിമ വിധി വന്നാൽ വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കിൽ എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അതുവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.